ശനി, ഞായർ ദിവസങ്ങളിൽ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ ഏഴരയ്ക്ക് അടയ്ക്കണം

By Web TeamFirst Published Apr 21, 2021, 2:29 PM IST
Highlights

മറ്റ് ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതിയെന്നാണ് മറ്റൊരു നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി നടപ്പാക്കണം

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെമ്പാടും കൂടുതൽ നിയന്ത്രണം നടപ്പിലാക്കും. ശനി, ഞായർ ദിവസങ്ങളിൽ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സർക്കാർ ഓഫീസുകൾക്ക് അവധിയാണ്. 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് സ്വകാര്യ മേഖലയിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂവിന് പിന്നാലെയാണ്  നടപടികൾ കുടുതൽ കടുപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ശനി, ഞായർ ദിവസങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം. ശനിയാഴ്ച സർക്കാർ ഓഫീസകൾക്ക് അവധിയാണ്. അത്യാവശ്യ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ ദിവസങ്ങളിൽ നിയന്ത്രണമില്ല.

മറ്റ് ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതിയെന്നാണ് മറ്റൊരു നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി നടപ്പാക്കണം. ട്യൂഷനടക്കം വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രമേ നടത്താവൂ. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാക്സീൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ഓൺലൈൻ രജിസ്ട്രേഷൻ കൊണ്ടുവരാൻ തീരുമാനിച്ചത്. ചെറിയ കടകൾ ഒൻപത് മണി വരെ പ്രവർത്തിക്കാമെന്നും തീരുമാനിച്ചു. ഉദ്യോഗസ്ഥർ പല ഉത്തരവിറക്കുന്നതിനെതിരെ കർശന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. പല ഉത്തരവിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നാണ് നിർദ്ദേശം. ഉത്തരവുകൾക്ക് സമാന സ്വഭാവമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

click me!