
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്‍റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി. തലസ്ഥാന നഗരിയിലൊരു മെട്രോ റെയിൽ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെട്രോ റെയിൽ അലൈൻമെന്‍റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി നടന്ന ഓണ്‍ലൈൻ മീറ്റിംഗിൽ ശശി തരൂർ എംപിയും പങ്കെടുത്തിരുന്നു. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണമെന്ന് ചര്‍ച്ചയക്ക് ശേഷം തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam