തെരഞ്ഞെടുപ്പ് കഴി‍ഞ്ഞു, പരീക്ഷകൾ തുടങ്ങുന്നു; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം

By Web TeamFirst Published Apr 7, 2021, 8:57 PM IST
Highlights

പരമാവധിപേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫിസര്‍മാര്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. തെരഞ്ഞെടുപ്പില്‍ പോളിങ് ഏജന്‍റുമാരായെത്തിയവരെ മുഴുവൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കുവാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. 

മാസ്ക് , സാനിട്ടൈസര്‍ , സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു . ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. പരമാവധിപേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫിസര്‍മാര്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കണമെന്നാണ് . ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. പരീക്ഷയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. 

പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • യാത്രാവേളയിലും പരീക്ഷ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
  • പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
  • മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
  • പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കുക.
  • പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
  • ക്വാറന്റൈന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക
click me!