
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് അഞ്ചിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സ്ഥാനാർത്ഥി നിർണ്ണയത്തിന് പത്ത് ദിവസം പോലും ഇല്ലാത്തതിന്‍റെ സമ്മർദ്ദത്തിലാണ് മുന്നണികൾ. അഞ്ചിടത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പ് വരുന്നതോടെ ഫലത്തില്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷത്തിലേക്കാണ് കേരളം കടക്കുന്നത്.
പാലായെ ചൊല്ലി കേരള രാഷ്ട്രീയം തിളച്ചുമറിയുമ്പോഴാണ് അഞ്ചിടത്ത് കൂടി അങ്കം വരുന്നത്. ഏത് സമയവും പ്രഖ്യാപനം വരുമെന്നറിയാമെങ്കിലും നടപടിക്രമങ്ങൾക്കുള്ള ചുരുങ്ങിയ സമയം മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം അനുസരിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ പുറപ്പെടുവിക്കും.
തിങ്കളാഴ്ച മുതല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങാം. സെപ്തംബര്‍ 30 തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 3 ആണ്. അന്നോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയും. വോട്ടെടുപ്പ് ഒക്ടോബര്‍ 21-നാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24-നാണ്.
അതിവേഗം സ്ഥാനാർത്ഥികളെ കളത്തിലിറക്കലാണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റും എൽഡിഎഫ് യോഗവും ചേരുന്നുണ്ട്. യുഡിഎഫും ബിജെപിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി മറികടക്കാനുള്ള അവസരമാണ് എൽഡിഎഫിന് അഞ്ചിടത്തെ പോര്. ലോക്സഭയിലെ നേടിയ മിന്നും ജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ പോയ മഞ്ചേശ്വരവും മറ്റൊരു എ പ്ലസ് മണ്ഡലമായ വട്ടിയൂർകാവും ഉള്ളതിനാല്‍ വര്‍ധിത വീര്യത്തോടെയാവും ബിജെപിയും കളത്തിലിറങ്ങുക.
അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പുകളും ഫലപ്രഖ്യാപനവും കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. 2021-ല്‍ ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും എത്തും. അതിനാല്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുന്‍തൂക്കം നേട്ടാനാവും മൂന്ന് മുന്നണികളും ശ്രമിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam