
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം ഇന്ന് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സത്യാഗ്രഹമിരിക്കും.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ സമരത്തിനിറങ്ങുന്നത്.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം. മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ അണിചേരും. പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൈകോർത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത്.
നിയമം ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നാളെ ചില സംഘടനകൾ നടത്താനിരിക്കുന്ന ഹർത്താലിനെ സിപിഎം അനുകൂലിക്കുന്നില്ല. സിപിഎമ്മുമായി ചേർന്നുളള സമരത്തിനെതിരെ യുഡിഎഫിൽ ഒരുവിഭാഗത്തിന് അസംതൃപ്തിയുണ്ടെങ്കിലും പൊതുവിഷയത്തിനായി ഒന്നിച്ചുനിൽക്കുകയെന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ എതിർപ്പ് തളളി നിയമഭേദഗതിക്ക് അനുകൂലമായി കഴിഞ്ഞദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam