റജിസ്ട്രാറുടെ സസ്പെൻഷൻ കേരളാ സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി, നിയമസാധുതയില്ലെന്ന് വിസി

Published : Jul 06, 2025, 01:24 PM ISTUpdated : Jul 06, 2025, 01:53 PM IST
Bharat mata controversy Kerala University registrar suspended for cancelling Governor's event

Synopsis

വിസിയുടെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്. എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു

റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇന്നത്തെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലെ ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാൻസിലർ സിസ തോമസ് വഴങ്ങിയിരുന്നില്ല. സസ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസ് മറുപടി നൽകിയത്. തർക്കത്തിനിടെ വിസി പുറത്തിറങ്ങിയ ശേഷമാണ് സസ്പെൻഷൻ റദ്ദാക്കിയതായി ഇടത് അംഗങ്ങൾ അറിയിച്ചത്.

റജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നാളെ കോടതി പരിഗണിക്കുമ്പോൾ റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം നൽകാം. ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിലെ വിവരങ്ങളടക്കം വിസി കോടതിയെ അറിയിക്കും.

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ വിസി മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റജിസ്ട്രാർ റദ്ദാക്കുകയായിരുന്നുവെന്നും ഗവർണ്ണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിസിയുടെ നടപടി. നിലവിൽ വിസി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സിസ തോമസാണ്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ്‌ അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം