
തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവർമ്മ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്‍യു അംഗീകരിക്കണമെന്ന് എസ്എഫ്ഐ. കേരളവര്‍മ്മയിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ കെഎസ്‍യു ശ്രമിച്ചിരുന്നുവെന്നും നാമനിര്‍ദേശ പത്രിക സൂക്ഷപരിശോധനയില്‍ തള്ളിയ കെഎസ്‍യുവിന്‍റെ നാമനിര്‍ദേശം തൊട്ടടുത്ത ദിവസം സ്വീകരിച്ചുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ആരോപിച്ചു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിന്‍റെ കൗണ്ടിങുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളുടെ വാര്‍ത്ത മറ്റുചിലര്‍ ഏറ്റെടുത്തു. ഒരുപാട് തവണ വോട്ട് എണ്ണിയിട്ടുണ്ട്. ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ടാബുലേഷന്‍ ഷീറ്റില്‍ എസ്എഫ്ഐ ഒരു വോട്ടിന് വിജയിച്ചുവെന്നായിരുന്നു ഉണ്ടായിരുന്നത്.
പലതവണ വോട്ടെണ്ണല്‍ നടന്നെങ്കിലും ഔദ്യോഗികമായി ഒരു വട്ടം മാത്രമെ ഫലം പ്രഖ്യാപിച്ചിട്ടുള്ളുവെന്നും പിഎം ആര്‍ഷോ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്‍യു അംഗീകരിക്കണം. കെഎസ്യു നിയമപരമായി നീങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കളവ് പറയരുത്. ഡിസിസി അധ്യക്ഷനടക്കം ക്യാമ്പസില്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനുള്ള ആസൂത്രണ ശ്രമമാണ് കെഎസ്‍യു നടത്തിയത്. പ്രിന്‍സിപ്പല്‍ രാഷ്ട്രീയമായി പെരുമാറി എന്നതാണ് ഞങ്ങളുടെ അനുഭവമെന്നും പിഎം ആര്‍ഷോ പറഞ്ഞു.
അതേസമയം, കേരളവര്‍മ്മ കോളജിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‍യു. റീകൗണ്ടിങിന്‍റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചവെന്നും അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണിയെന്നും എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ്‍യു ആരോപിക്കുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‍യു ചെയർമാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വര്‍ഷത്തിന് ശേഷം കേരളവര്‍മ്മയില്‍ ജനറല്‍ സീറ്റ് ലഭിച്ചത് കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെ, എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam