
തിരുവനന്തപുരം: കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ, വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും.
മാർച്ച് ഒന്നിന് തുടങ്ങിയ വേനൽക്കാലം, ഒന്നരമാസം പിന്നിടുമ്പോൾ കേരളത്തിന് 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വേനൽക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസർകോട്, കണ്ണൂർ ജില്ലകളിൽ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിൽ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയിൽ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ സാധാരണ മഴ കിട്ടി.
ഏപ്രിൽ ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 60 ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് കാര്യമായ മഴ കിട്ടിയതുമില്ല. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും , കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ്
കഴിഞ്ഞയാഴ്ച കേരളത്തിൽ വൻ ചൂട് അനുഭവപ്പെടാൻ ഇടയാക്കിയത്. ഈർപ്പമേറിയ കാറ്റ് കടന്നുവരാനുള്ള അന്തരീക്ഷം
ഒരുങ്ങിയതോടെ ഈ ദിവസങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടാകും. ഇന്നലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെവിടെയും നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നില്ല. മാനുവൽ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ പാലക്കാടാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38. 2 ഡിഗ്രി സെൽഷ്യസ്. ഇനി ഒറ്റപ്പെട്ട മഴ കിട്ടി തുടങ്ങും. അടുത്തയാഴ്ചയോടെ മഴ മെച്ചപ്പെടാനാണ് സാധ്യത. മെയ് മാസം നല്ല മഴ കിട്ടുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam