
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയോടെ ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ മുന്നറിയിപ്പും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാവിലെയോടെ മഴയ്ക്ക് ശമനമായി. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങള്‍ പോലും മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികള്‍. അശാസ്ത്രീയമായ നിര്‍മാണവും അടച്ചുക്കെട്ടലും മുതല്‍ ഓടകള്‍ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി.
പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കണ്‍തുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി. അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാന്‍ കാരണമെന്ന് തലസ്ഥാനവാസികള്‍ പറയുന്നു. അമ്പലത്തിങ്കരയില്‍ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാന്‍ കാരണം, ടെക്‌നോ പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണം പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളുമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഓടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വെള്ളമൊഴുകി പോയതേയില്ല. ഉള്ളൂര്‍ ശ്രിചീത്ര നഗറിലും വില്ലനായത് അശാസ്ത്രീയ ഓട നിര്‍മാണമാണ്. വേളിയില്‍ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കിന് തടസമുണ്ടായതിനാല്‍ വെള്ളമിറങ്ങാന്‍ ഏറെ സമയമെടുത്തു. തോടുകളും ഓടകളും ശുചിയാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam