'കൊവിഡ് പരിശോധനയില്‍ മൂന്നാംസ്ഥാനം, കൂടുതല്‍ ലാബുകള്‍ ഒരുക്കും'; ആക്ഷേപങ്ങള്‍ തള്ളി മുഖ്യമന്ത്രി

By Web TeamFirst Published Jul 24, 2020, 7:12 PM IST
Highlights

ഒൻപത് ലാബുകളിൽ കൂടി ഉടൻ കൊവിഡ് പരിശോധനാ സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും പരിശോധന വരും എന്നും പിണറായി വിജയന്‍. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണ് എന്ന വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കൊവിഡ് പരിശോധനയില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. പരിശോധനയ്‌ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒൻപത് ലാബുകളിൽ കൂടി ഉടൻ കൊവിഡ് പരിശോധനാ സൗകര്യം ഒരുക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും പരിശോധന വരും' എന്നും അദേഹം വ്യക്തമാക്കി.

'കേരളത്തിൽ 0.31 ശതമാനമാണ് മരണനിരക്ക്. ഇതു കഠിനപ്രയത്‍നത്തിൻറെ ​ഗുണഫലമാണ്. മരണസംഖ്യ അമ്പതായി. ചിലരുടെ ആക്ഷേപം വേണ്ടത്ര കൊവിഡ് പരിശോധന നടത്തുന്നില്ല എന്നാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ വലിയ സൗകര്യമാണ് ഒരുക്കിയത്. തുടക്കത്തിൽ ആലപ്പുഴ എൻഐവിയിൽ മാത്രം ഉണ്ടായിരുന്ന ആർടി പിസിആർ കൊവിഡ് പരിശോധന ഇപ്പോൾ 15 സർക്കാർ ലാബുകളിലും എട്ട് സ്വകാര്യലാബിലും ഉണ്ട്. ട്രൂനാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബിനാറ്റ് പരിശോധന ആറ് സർക്കാർ ലാബിലും ഒൻപത് സ്വകാര്യ ലാബിലും നടക്കുന്നു. 

ആശുപത്രിയിലേയും വിമാനത്താവളത്തിലേയും പരിശോധനയ്‌ക്ക് എട്ട് ലാബുകൾ വേറെയുമുണ്ട്. ഇനി ഒൻപത് ലാബുകളിൽ കൂടി ഉടൻ പരിശോധന സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും ഉടൻ കൊവിഡ് പരിശോധന വരും. തുടക്കത്തിൽ നൂറിൽ താഴെയായിരുന്ന പ്രതിദിന പരിശോധന 25,000 വരെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു' എന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Read more: രോഗമുക്തിയില്‍ ആശ്വാസദിനം; 968 പേര്‍ക്ക് രോഗമുക്തി, 885 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണവും

click me!