തിരുവനന്തപുരം: സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64  പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്.  24 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോ​ഗം വന്നു. 

ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസ‍ർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

 1. തിരുവനന്തപുരം 167
 2. കൊല്ലം 133
 3. എറണാകുളം 69
 4. മലപ്പുറം 58 
 5. പാലക്കാട് 58
 6. ‌കോട്ടയം 50 
 7. ആലപ്പുഴ 44
 8. തൃശ്ശൂർ 33
 9. ഇടുക്കി 29
 10. പത്തനംതിട്ട 23
 11. കണ്ണൂ‍ർ 18
 12. വയനാട് 15
 13. കോഴിക്കോട് 82
 14. കാസര്‍കോട് 106

നെ​ഗറ്റീവായവ‍ർ

 1. തിരുവനന്തപുരം 101
 2. കൊല്ലം 54
 3. പത്തനംതിട്ട 81 
 4. ആലപ്പുഴ 49
 5. കോട്ടയം 74
 6. ഇടുക്കി 96
 7. എറണാകുളം 151
 8. തൃശ്ശൂ‍ർ 12
 9. പാലക്കാട് 63
 10. മലപ്പുറം 24
 11. കോഴിക്കോട് 66
 12. വയനാട് 21
 13. കണ്ണൂർ 108
 14. കാസർകോട് 68

കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. 9297 പേ‍ർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേ‍ർ നിലവിൽ ചികിത്സയിലുണ്ട്.

ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453 ആയി. പുതുതായി രോ​ഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിന് താഴെയായി. എന്നാൽ സംസ്ഥാനത്തിൻ്റെ പലഭാ​ഗത്തേയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്.

തിരുവനന്തപുരത്ത് അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉടനെ സജ്ജമാക്കും. 1813 കിടക്കകൾ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേര‍െ പരിശോധിച്ചപ്പോൾ അതിൽ 288 പേ‍ർ കൊവിഡ് രോ​ഗികളാണ്. 42.92 ശതമാനമാണ് അവിടെ പരിശോധനയിൽ പോസീറ്റീവാകുന്നത്.

പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു. ഇതിൽ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ൽ 15ഉം, ജൂലൈ 22ന് 54ടെസ്റ്റിൽ 22ഉം, ജൂലൈ 23ന് 43 സാംപിളുകൾ ശേഖരിച്ചപ്പോൾ 17ഉം പൊസിറ്റീവായി. 

പുല്ലുവിളയിൽ ജൂലൈ 20ന് 50 സാമ്പിളുകൾ എടുത്തപ്പോൾ 11 കേസുകൾ പോസിറ്റീവായി. ജൂലൈ 21ന് 42 പരിശോധനകളിൽ 22 പോസിറ്റീവ്, ജൂലൈ 22ന് 48 പരിശോധനകളിൽ 22 പോസിറ്റീവ്. ജൂലൈ 23 ആയപ്പോൾ ഇത് 36 ടെസ്റ്റുകളിൽ 8 പോസിറ്റീവ് എന്ന തലത്തിലായി. 

രോ​ഗവ്യാപനതോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ല.

കൊല്ലത്ത് 33 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയോടെ തയ്യാറാവും. ഇതോടെ 64 കേന്ദ്രങ്ങളിലായി 8474 കിടക്കകളുണ്ടാവും. 

പത്തനംതിട്ട ജില്ലയിലെ കുമ്പള ഒരു ലാ‍ർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. 205 പേ‍ർക്ക് ഇവിടെ സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇവിടെ ഇപ്പോൾ വലിയ തോതിൽ വ്യാപനം നടക്കുന്നില്ല. തിരുവല്ലയിലെ ഹോളി സ്പിരിറ്റ് കോൺവെന്‍റിൽ സമ്പർക്കം മൂലം 44 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 75 പ്രാഥമിക കേന്ദ്രങ്ങളിലായി 7364 ബെഡുകൾ സജ്ജമാക്കും. നിലവിൽ പ്രവ‍ർത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളിലായി 624 ബെഡുകളുണ്ട്.

ആലപ്പുഴ ജില്ലയിൽ കൊവിഡ് വ്യാപിച്ച കുറത്തിക്കാട്, കായംകുളം, ചേർത്തല, ഐടിബിപി ക്യാംപ് എന്നിവിടങ്ങളിൽ കേസുകൾ കുറഞ്ഞു. എന്നാൽ തീരപ്രദേശത്തെ ക്ലസ്റ്റ‍ർ സജീവമായി നിൽക്കുന്നു. 105 പേരെ പരിശോധിച്ചപ്പോൾ കടക്കരപ്പള്ളയിൽ 18 പേ‍ർക്കും ചെട്ടിക്കാട് 465 പേരിൽ 29 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പ്രാഥമിക കേന്ദ്രങ്ങളിലായി 3040 കേട്ടിട്ടങ്ങൾ സജ്ജീകരിച്ചു. 

കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് വന്നതിനെ തുട‍ർന്ന് ക്വാറൻ്റൈനിൽ പോയ കളക്ട‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥ‍ർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്നു. പായിപ്പാട്, ചങ്ങനാശ്ശേരി, പാറത്തോട്, പള്ളിക്കത്തോട്, എന്നിവയനായണ് നിലവിലെ കൊവിഡ് ക്ലസ്റ്ററുകൾ.  പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾക്കായി 53 കെട്ടിട്ടങ്ങൾ ഇതുവരെ ഏറ്റെടുത്തു. 

ഇടുക്കിയിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഒന്നും ഇല്ല. കൊന്നത്തടി, രാജാക്കാട് എന്നിവിടങ്ങളിൽ രോ​ഗവ്യാപനമുണ്ട്. അഞ്ച് താലൂക്കുകളിലായി 5000ത്തോളം പേർക്ക് ബെഡ് ഒരുക്കുന്നു

എറണാകുളത്തെ വൃദ്ധജനരോ​ഗിപരിപാലന കേന്ദ്രങ്ങൾ, കോൺവെൻ്റുകൾ എന്നിവിടങ്ങളിൽ രോ​ഗവ്യാപനമുണ്ടായത് ​ഗൗരവത്തോടെ കാണണം. തൃക്കാക്കരയിലെ ഒരു കെയ‍ർ ഹോമിൽ 135 അന്തേവാസികളുടെ ആൻ്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 43ഉം പൊസീറ്റീവാണ്. കെയർ ഹോമുകളിൽ ഇനി സന്ദ‍ർശകരെ അനുവദിക്കില്ല. അവിടെയുള്ളവരെ പുറത്തേക്കും വിടില്ല, രോ​ഗികൾ കൂടിയ കെയർ ഹോമുകളിലുള്ളവരെ അവിടെ തന്നെ ചികിത്സിക്കും. ഡോക്ടറും ആംബുലൻസും അവിടെ മുഴുവൻ സമയവും ഉണ്ടാവും രോ​ഗം ഭേദമായാൽ ഇവരെ കൊവിഡ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തിൽ 39 ശതമാനം കിടക്കകളാണ് ഇപ്പോൾ വിനിയോ​ഗിച്ചത്. 43 ശതമാനം ഐസിയുവും 29 ശതമാനം വെൻ്റിലേറ്ററുകളും ഉപയോ​ഗത്തിലൂണ്ട്. ജില്ലയിലെ പ്രധാന ക്ലസ്റ്ററായ ആലുവയിൽ രോ​ഗവ്യാപനം ശക്തമായി തുടരുന്നു. സമീപ പഞ്ചായത്തുകളിലും രോ​ഗം വ്യാപിക്കുന്നു. ജില്ലയിൽ ആകെ 109 പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലായി 5897 പൊസീറ്റീവ് കേസുകൾ അഡ്മിറ്റ് ചെയ്യാൻ സൗകര്യം ഉണ്ട്. 21  സ്വകാര്യ ആശുപത്രികൾ ഇതിനോടകം കൊവിഡ് ചികിത്സയ്ക്ക് സജ്ജമാണ്.

തൃശ്ശൂരിൽ സമ്പർക്കവ്യാപനം കൂടുകയാണ്. ആദ്യം രോ​ഗം സ്ഥിരീകരിച്ച ജില്ലയിൽ ആകെ രോ​ഗികളുടെ എണ്ണം ഇപ്പോൾ ആയിരം കടന്നു. 40 വാ‍ർഡുകൾ കണ്ടൈയ്ൻമെൻ്റ് സോണാണ് ഇരിങ്ങാലക്കുട ന​ഗരസഭയിൽ നിന്നും മുരുങ്ങിയാട് പഞ്ചായത്തിലേക്ക് രോ​ഗം വ്യാപിച്ചു അവിടെ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും. 30 കേന്ദ്രങ്ങളിലായി 6033 കിടക്കകൾ സജ്ജമാണ്. പട്ടാമ്പി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ 38 പേ‍ർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. 

മലപ്പുറത്ത് മൂന്ന് കമ്മ്യൂണിറ്റി ക്ലസ്റ്റുകളാണ് ഉള്ളത്. പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി എന്നിവ ലാർജ് ക്ലസ്റ്ററുകളാണ്. പൊന്നാനി ന​ഗരസഭയ്ക്ക് പുറത്ത് രോ​ഗവ്യാപനം കുറഞ്ഞതിനാൽ അവിടെ നിയന്ത്രണം കുറച്ചു. താനൂരിലും നിയന്ത്രണം ഒഴിവാക്കി. ജില്ലയിൽ 59 കേന്ദ്രങ്ങളിലായി 50793 പേരെ ചികിത്സിക്കാൻ സൗകര്യം ഉണ്ടാവും. 

വയനാട്ടിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഇല്ല. ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടനാട് തുടരുന്നു. ജില്ലയിൽ 20 കേന്ദ്രങ്ങളിലായി 2630 കിടക്കൾ സജ്ജമാണ്, 5660 ബെഡുകൾ 52 കേന്ദ്രങ്ങളിലായി ഇനി ഒരുക്കും. 

കോഴിക്കോട് ജില്ലയിൽ ന​ഗര​ ഗ്രാമ വ്യത്യാസമില്ലാതെ രോ​ഗവ്യാപനഭീതി നിലനിൽക്കുന്നു. അമ്പത് കേന്ദ്രങ്ങളിലായി 4770 കിടക്കകൾ സജ്ജമാണ്. തൂണേരിയാണ് ജില്ലയിലെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ. ചെക്യാട് പഞ്ചായത്തിലെ രോ​ഗം സ്ഥിരീകരിച്ച ഡോക്ടറുടെ കല്യാണത്തിൽ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിൽ പോകണം. ചോറോട് ​ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിൽ ജന്മദിനാഘോഷം നടന്നത് ജൂലൈ 15നാണ്. കൊവി‍ഡ് സമ്പർക്ക ഭീതി നിലനിൽക്കുനന്നതിനിടെയാണ് ചടങ്ങ് നടന്നത് ഇതു ആശങ്ക സൃഷ്ടിക്കുന്നു.

കണ്ണൂരിൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ 7128 കിടക്കകൾ സജ്ജമാണ്. കാസർകോട് ജില്ലയിൽ ആറ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിൽ ഉള്ളത്. കാസ‍ർകോട് മാർക്കറ്റ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി. ഹൊസങ്കടിയിലെ പ്രിയദർശിനി ലാബിനെ ലാർജ് ക്ലസ്റ്ററിൽ നിന്നും ഒഴിവാക്കി.

കേരളത്തിൽ 0.31 ശതമാനമാണ് മരണനിരക്ക്. ഇതു കഠിനപ്രയത്‍നത്തിൻ്റെ ​ഗുണഫലമാണ്. മരണസംഖ്യ അമ്പതായി. ചിലരുടെ ആക്ഷേപം വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്നാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ വലിയ സൗകര്യമാണ് ഒരുക്കിയത്. തുടക്കത്തിൽ ആലപ്പുഴ എൻഐവിയിൽ മാത്രം ഉണ്ടായിരുന്ന ആർടി പിസിആർ കൊവിഡ് പരിശോധന ഇപ്പോൾ 15 സർക്കാർ ലാബുകളിലും എട്ട് സ്വകാര്യലാബിലും ഉണ്ട്. ട്രൂനാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബിനാറ്റ് പരിശോധന ആറ് സർക്കാർ ലാബിലും ഒൻപത് സ്വകാര്യ ലാബിലും നടക്കുന്നു. 

ഹോസ്പിറ്റലിലേയും വിമാനത്തവാളത്തിലേയും പരിശോധനയ്ക്ക് എട്ട് ലാബുകൾ വേറെയുമുണ്ട്. ഇനി ഒൻപത് ലാബുകളിൽ കൂടി ഉടൻ പരിശോധന സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും ഉടൻ കൊവിഡ് പരിശോധന വരും. തുടക്കത്തിൽ നൂറിൽ താഴെയായിരുന്ന പ്രതിദിന പരിശോധന 25,000 വരെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു.

ഇതുവരെ ആകെ 6,35,272 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ടെസ്റ്റ് പരിശോനയുടെ കാര്യത്തിൽ ടെസ്റ്റ് പെ‍ർ മില്യൺ ബൈ കേസ് ബൈ മില്യൺ എന്ന് ശാസ്ത്രീയ മാർഗം നോക്കുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റിവിറ്റി 2.6 ശതമാനമാണ് സംസ്ഥാനത്ത്. പരിശോധനകൾ വച്ച് അഞ്ച് ശതമാനത്തിന് താഴെ മാത്രമാണ് കേസെങ്കിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ലോകാര്യോ​ഗസംഘടന പറയുന്നത്. മുപ്പത് ദിവസത്തേക്ക് വേണ്ട പരിശോധന കിറ്റുകൾ നിലവിൽ ലഭ്യമാണ്. അതുകൊണ്ട് പരിശോധന കുറവെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. രോ​ഗികൾ കൂടുന്ന അവസ്ഥയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്.

റിസൾട്ട് പോസിറ്റീവായ കേസുകളിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോ​ഗലക്ഷണം ഉള്ളവരെയുമാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടു വരുന്നത്. മൂന്ന് ഘട്ടമായാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാകുന്നത്. 86 കേന്ദ്രങ്ങളിലായി 11,229 
കിടക്കകൾ സജ്ജമാക്കി. രണ്ടാം ഘട്ടത്തിൽ 253 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 3,0598 ബെഡുകൾ. മൂന്നാം ഘട്ടത്തിൽ 480 കേന്ദ്രങ്ങളിലായി 36460 കിടക്കകൾ. 

ദിവസം തോറും പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. പൂൾ ഒന്ന്, രണ്ട്, മൂന്ന് എന്നിവ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ സജ്ജമാക്കിയത്. പൂൾ ഒന്നിൽ 30,000 ജീവനക്കാരുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് കൈമാറി. പൂൾ രണ്ടിലും മൂന്നിലുമായി 50,000 ജീവനക്കാരെ കൂടി കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചർച്ച നടത്തി. കൊവിഡ് ചികിത്സയുടെ നിരക്കും നിശ്ചയിച്ചു. ആദ്യ ഘട്ടത്തിൽ ഇരുന്നൂറോളം സ്വകാര്യ ആശുപത്രികൾ സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പിലും സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ജില്ലാ തലത്തിൽ കള്കടറുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികൾ അടങ്ങിയ സമിതി ഇതിനായി മേൽനോട്ടം വഹിക്കും.

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ സമൂഹവ്യാപനമുണ്ടായെങ്കിലും പിടിച്ചു നിർത്താനായി. ക്ലസ്റ്റർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തിപ്പെടുത്തി. സെൻ്റനിൽ സർവ്വൈലൻസും ആൻ്റിജൻ പരിശോധനയും വ്യാപകമാക്കി. പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടായി തിരിച്ച് സമ്പർക്കപട്ടിക സജ്ജമാക്കി. കണ്ടൈയ്ൻമെന്റ്സോൺ പ്രദേശത്തെ എല്ലാവരേയും ക്വാറൻ്റൈൻ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കും. സൂപ്പർ സ്പ്രെഡ് സംഭവിച്ച സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയും പരിശോധന വ്യാപിപ്പിച്ചും സമ്പർക്കത്തിലുള്ളവരെ ക്വാറൻ്റൈനിലാക്കിയും രോ​ഗവ്യാപനം തടയണം.

ഇന്ന് വന്ന ഒരു മാധ്യമവാർത്തയുടെ തലക്കെട്ട് കുട്ടികളെ ആരു നോക്കും എന്നാണ്. പരിശോധനയ്ക്ക് പോകാൻ വീട്ടമ്മമാരും മറ്റും പറയുന്ന കാരണം അവർക്ക് രോ​ഗം സ്ഥിരീകരിച്ചാൽ വീട്ടിലെ കുട്ടികളും വൃദ്ധരും തനിച്ചാവും എന്നാണ്. രോ​ഗബാധ ഇല്ലാതെയിരിക്കാനാണ് തുടക്കം മുതൽ ഹൈറിസ്ക് വിഭാ​ഗത്തിൽപ്പെട്ടവരെ റിവേഴ്സ് ക്വാറൻ്റൈനിലാക്കണം എന്നു പറഞ്ഞത്. 

വയോജനങ്ങളിൽ രോ​ഗം മാരകമാവും എന്നു തുടക്കം മുതൽ പറയുന്നതാണ്. പ്രായമുള്ളവരേയും കുട്ടികളേയും രക്ഷിക്കാനായി പരിശോധന നടത്താതെയിരുന്നാൽ അവർക്ക് രോ​ഗം കണ്ടെത്തും മുമ്പ് ഈ രണ്ട് വിഭാ​ഗത്തേയും രോ​ഗം ബാധിക്കുകയും അവരുടെ ജീവന് ഭീഷണിയാവുകയും ചെയ്യും. പരിശോധനയ്ക്ക് വിധേയരാക്കാത്തവരെ പ്രൊത്സാഹിപ്പിക്കുന്ന സമീപനം ഉണ്ടാവാൻ പാടില്ല. സാധാരണ​ഗതിയിൽ എന്താണ് ഈ വാർത്തയുടെ ഉദ്ദേശം എന്നാണ്. സാധാരണക്കാരായ ആളുകൾക്ക് ടെസ്റ്റുമായി സഹകരിക്കാൻ വിമുഖതയാണോ താത്പര്യമാണോ ഈ വാർത്ത സൃഷ്ടിക്കുക എന്ന് നിങ്ങൾ സ്വയംവിലയിരുത്തണം. ചിലപ്പോൾ ചിലർ തെറ്റായ നിലപാട് സ്വീകരിച്ചേക്കാം. അവരെ തിരുത്തി കൊണ്ടു വരിക എന്നതാണ് ശരിയായ സമീപനം.

കേരളത്തിൽ ഇതിനോടകം ആയിരങ്ങൾ ക്വാറൻ്റീനിൽ പോയി എത്രയോ പേർ ചികിത്സയിൽ പോയി. എന്നിട്ട് ആരെയെങ്കിലും നോക്കാത്ത അവസ്ഥയുണ്ടായോ. ഇനി ആർക്കെങ്കിലും അങ്ങനെ ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തെ അറിയിച്ചാൽ അവർക്ക് വേണ്ട സഹായം നമ്മൾ ചെയ്യും. ഇതുവരെ അങ്ങനെയല്ലേ ഈ സർക്കാർ മുന്നോട്ട് പോയത്. ദയവായി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന വാർത്തകളും കൊടുക്കരുത്. ഇക്കാര്യത്തിൽ മാധ്യമലോകം സഹകരിക്കും എന്നാണ് പ്രതീക്ഷ.

കൊവി‍ഡ് 19 സാഹചര്യം രൂക്ഷമായതിനാൽ പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്നു കക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തി. കൊവിഡിൽ ഇത് മൂന്നാം തവണയാണ് കക്ഷി നേതാക്കളുമായി സംസാരിക്കുന്നത്. പ്രതിപക്ഷനേതാവടക്കം എല്ലാവരും യോ​ഗത്തിൽ പങ്കെടുത്തു. ജനങ്ങളെയാകെ അണിനിരത്തി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പാർട്ടികളും പിന്തുണ അറിയിച്ചു. പ്രതിരോധ നടപടി ശക്തിപ്പെടുത്താൻ പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും വിവിധ നിർദേശങ്ങൾ മുന്നോട്ട് വച്ചു. പ്രാദേശിക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ എടുക്കുന്ന നടപടികൾക്ക് എല്ലാ കക്ഷികളും പിന്തുണയേകി. സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാക്കുന്ന കാര്യം ചർച്ചയായി. അവിടുത്തെ ചികിത്സാനിരക്കും ഇന്ന് നിശ്ചയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കക്ഷിനേതാക്കൾ ആശങ്ക ഉന്നയിച്ചു. ടെസ്റ്റ് റിസൽട്ട് വേ​ഗത്തിലാക്കണം എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അതിന് ആവശ്യമായത്ര മനുഷ്യവിഭവശേഷി ഇല്ലാത്ത കാര്യം സർക്കാർ വ്യക്തമാക്കി. ഇതു പരിഹരിക്കാൻ നടപടിയെടുത്തു. 

സമ്പൂർണലോക്ക് ഡൗൺ വേണമോയെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം പൊതുവിൽ നിലനിൽക്കുന്നുണ്ട്.  സമ്പൂർണ ലോക്ക് ഡൗണിലേക്ക് ഉടനെ പോകേണ്ടതില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം കക്ഷിനേതാക്കളും ഇന്ന് സ്വീകരിച്ചത്. ക്ലസ്റ്റർ തിരിച്ചുള്ള കർശന നിയന്ത്രണം മതിയെന്നാണ് കക്ഷിനേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തിൽ സർക്കാരിനും കൃത്യമായ നിലപാടുണ്ട്. നിലവിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരി​ഗണിക്കുന്നില്ല. എന്നാൽ അങ്ങനെയൊരു സാഹചര്യം വന്നാൽ അതേപ്പറ്റി ​ഗൗരവമായ ആലോചന സർക്കാർ നടത്തും.

ഈയാഴ്ച എന്തായാലും ലോക്ക് ഡൗണില്ല. രോ​ഗവ്യാപനം അൽപ്പം മയപ്പെടുകയും രോ​ഗമുക്തി നിരക്ക് ഉയരുകയും ചെയ്തത് അൽപം ആശ്വാസം നൽകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിലെ സാഹചര്യം നോക്കി ബാക്കി നിലപാട് എടുക്കും. 

പ്രവാസികൾ വിമാനത്താവളത്തിൽ എത്തുമ്പോൾ നേരത്തെ ആൻ്റിബോഡ‍ി പരിശോധന നടത്തിയിരുന്നു. ഇതൊരു ശരിയായ പരിശോധനയല്ല. ഈ പരിശോധന നടത്തിയാലും പ്രവാസികൾ എന്തായാലും ക്വാറൻ്റൈനിൽ പോകണം. ആ പരിശോധനയിൽ നെ​ഗറ്റീവായാലും പിന്നീട് ഇവർ പൊസീറ്റീവാകുന്ന സാഹചര്യമുണ്ട്. മാത്രമല്ല ഫലം നെ​ഗറ്റീവാകുന്നത് കാണുമ്പോൾ പ്രവാസികൾ പിന്നീട് കൃത്യമായി ക്വാറൻ്റീൻ പാലിക്കപ്പെടാത്ത സാഹചര്യവും കൂടി പരി​ഗണിച്ചാണ് പരിശോധന നിർത്തിയത്. 

പരിശോധനകളുടെ എണ്ണം കൂടിയെങ്കിലും ഫലം പ്രഖ്യാപിക്കുന്നത് വൈകുന്നുണ്ട്. ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർമാരുടെ കുറവാണ് ഇതിനു കാരണമായത് എന്നു നമ്മൾ വിലയിരുത്തി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തന്നെ നേരിട്ട് ഇവരുടെ നിയമനം വേ​ഗത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സാകേന്ദ്രത്തിന് നടത്തിപ്പിന് ആവശ്യമായത്ര ജീവനക്കാർ ഇപ്പോൾ നമ്മുടെ അടുത്തില്ല. എന്നാൽ പരമാവധി പേരെ ഉപയോഗിക്കുകയും അടുത്ത ഘട്ടത്തിൽ വളണ്ടിയർമാരേയും പാരാ മെഡിക്കൽ സ്റ്റാഫിനേയും ഉപയോ​ഗിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. ഫൈനൽ ഇയർ മെഡിക്കൽ കോഴ്സ് വിധ്യാർത്ഥികളേയും ഇതിലേക്കായി ഉപയോ​​ഗപ്പെടുത്തും. ഒരു കൊവിഡ് ബ്രി​ഗേഡായി ഇതിനു ഉപയോഗിക്കും.

ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലയിലാണ് പ്രതിപക്ഷം സർക്കാരിനെ നേരിടുന്നത്. എന്തോ ഒരു കടലാസ് കിട്ടി അതും വച്ച് ഇതാ കിട്ടിപ്പോയി എന്ന മട്ടിൽ സർക്കാരിന് നേരെ വരുന്നത്. വീണിടം വിദ്യയാക്കുന്ന പരിപാടിയാണ് ഇതെല്ലാം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചതിൽ പ്രതികരിക്കേണ്ട കാര്യമില്ല. എൻഐഎ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നാണ് ബോധ്യമെന്നും മുഖ്യമന്ത്രി.