
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കുട്ടികളുടേയും സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.
എറണാകുളത്ത് മെയ് ഏഴിന് നടക്കാനിരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനമുണ്ടാകും. മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ. ആർ ടി തയ്യാറാക്കിയ പ്രവർത്തനരൂപരേഖ അന്തിമമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം. സീസണൽ മൈഗ്രേഷന്‍റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കില്‍ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam