കൊവിഡ് പ്രതിസന്ധി: വീണ്ടും കടമെടുക്കാതെ രക്ഷയില്ല, കേരളം ആയിരം കോടി കടമെടുക്കും

By Web TeamFirst Published Apr 30, 2020, 8:35 PM IST
Highlights

ഏപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. കൊവിഡ് പ്രതിസന്ധിയില്‍ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഏപ്രിൽ മാസത്തെ ശമ്പള, പെൻഷൻ വിതരണത്തിനായി കേരളം വീണ്ടും കടമെടുക്കും. 

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേരളം ആയിരം കോടി കടമെടുക്കും. അഞ്ചാം തീയതിയാണ് പണം കടമെടുക്കുക. ഈ മാസം ആദ്യം  6ooo കോടി കടമെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. 

ഏപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. കൊവിഡ് പ്രതിസന്ധിയില്‍ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഏപ്രിൽ മാസത്തെ ശമ്പള, പെൻഷൻ വിതരണത്തിനായി കേരളം വീണ്ടും കടമെടുക്കും. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഒരു മാസത്തെ നേട്ടം 350 കോടി മാത്രമാണ്. ശമ്പളത്തിനും പെൻഷനുമായി 3500 കോടി വേണമെന്നിരിക്കെ കുറഞ്ഞത് 3,000 കോടി രൂപ കടമെടുക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതാണ് കേരളത്തിന്റെ സ്ഥിതി. മറ്റ് ചെലവുകൾ വേറെയുമുണ്ട്. 

അഞ്ച് മാസം കൊണ്ട് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം നേരിയ ആശ്വാസം മാത്രമാണ് സര്‍ക്കാരിന് നല്‍കുക. മാസം 350 കോടി വച്ച് 1800കോടിയോളം എത്തുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ. ഇത് താൽക്കാലികാശ്വാസം ആണെങ്കിലും ജീവനക്കാർക്ക് തിരികെ നൽകേണ്ട ഈ തുകയും കടമായി നിൽക്കും. 

click me!