
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം വർഷവും കനത്ത മഴ പെയ്യുമെന്ന പ്രവചനം ഉണ്ടായിട്ടും സർക്കാർ മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ല. ഇനിയൊരു പ്രളയം കൂടിയുണ്ടായാൽ നേരിടുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നടപടികൾ എങ്ങുമെത്തിയില്ല.
ഫ്ലഡ് മാപ്പിംഗ് നടത്തിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതടക്കം തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 2018ലെ മഹാപ്രളയത്തെ തുടർന്നാണ് സർക്കാർ ഫ്ലഡ് മാപ്പിംഗ് നടത്തിയത്. എന്നാൽ ഇതിന് ശേഷം നടപടികളുണ്ടായില്ല. തുടർച്ചയായ രണ്ട് വർഷം പ്രളയമുണ്ടായിട്ടും ഫ്ലഡ് മാപ്പിംഗിന്റെ രണ്ടാം ഘട്ടമോ, അണക്കെട്ടുകളുടെ സംഭരണ ശേഷിയിൽ പ്രളയജലത്തിന്റെ ഒരു ഭാഗം കൂടി ഉൾക്കൊള്ളുന്ന തരത്തിലുള്ള റൂൾ കർവുകൾ ഉണ്ടാക്കുന്നതോ പൂർണ്ണമായിട്ടില്ല. നൂതനരീതിയിലുള്ള വെള്ളപ്പൊക്ക പ്രവചന സംവിധാനങ്ങളും കേരളത്തിൽ ഇല്ലയെന്നത് ശക്തമായ മഴ ലഭിച്ചാൽ ഇത്തവണ സംസ്ഥാനത്തിന് തിരിച്ചടിയാകും.
കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ ചില പ്രദേശങ്ങളിൽ ജനങ്ങൾ സ്ഥാപിച്ച അളവുകോലാണ് ഇന്ന് ഏക ആശ്രയം. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവർക്ക് ഫ്ലഡ് മാപ്പിംഗ് നടത്തിയതിന്റെ ഭാഗമായി ഈ മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് അറിയേണ്ടതുണ്ട്. കാലവർഷത്തിന് മുൻപ് എക്കൽ നീക്കം ചെയ്തില്ലെങ്കിൽ നദികളുടെ ഇരുകരകളും വെള്ളത്തിനടിയിലാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam