
തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്‍ററുകളിലേക്ക് അയക്കുക . 1240 കോൾഡ് ചെയിൻ പോയിന്‍റുകളാണ് വാക്സീൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത് . വാക്സീൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് .
കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളിലെ റീജിയണൽ വാക്സീൻ സ്റ്റോറുകളിലേക്ക് നല്‍കും . ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്സീൻ നല്‍കും .
എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1658 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് 1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 വീതം , ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ , നഗര ഗ്രാമീണ , ഉൾനാടൻ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ വരെ ഈ പട്ടികയിലുണ്ട്. രാവിലെ 9 മുതൽ 5 വരെയുള്ള 8 മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 354897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സീനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam