മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി; ഇനി വ്യാജൻ ശർക്കര പുറത്താകും

By Web TeamFirst Published Mar 8, 2019, 8:01 AM IST
Highlights

ഭൗമസൂചിക പദവി ലഭിച്ചതോടെ വ്യാജന്മാര്‍ക്ക് ഇനി പിടിവീഴും. പദവിയിലൂടെ ശർക്കരയ്ക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറയൂരിലെ കർഷകർ.

ഇടുക്കി: ചന്ദനക്കാടുകൾക്ക് പേര് കേട്ട ഇടുക്കിയിലെ മറയൂർ ഇനി ശർക്കരയുടെ പേരിലും അറിയപ്പെടും.  മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. ഇത് സംബന്ധിച്ച രജിസ്ട്രേഷൻ ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഭൗമസൂചിക പദവി ലഭിച്ചതോടെ വ്യാജന്മാര്‍ക്ക് ഇനി പിടിവീഴും. പദവിയിലൂടെ ശർക്കരയ്ക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറയൂരിലെ കർഷകർ.

സ്വാദാണ് മറയൂർ ശർക്കരയെ വേറിട്ട് നിർത്തുന്നത്. ഉപ്പുരസമില്ലാത്ത മധുരമുള്ള ശർക്കര. ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അളവ് കൂടുതൽ. സോഡിയന്‍റെ അളവ് കുറവും. ഇത് മറയൂർ ശർക്കരയ്ക്ക് ഔഷധ ഗുണം നൽകുന്നു. കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് മൂന്ന് വർഷമെടുത്താണ് മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവിയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂപ്രകൃതിയുടെയും കൃഷിരീതിയുടെയും പ്രത്യേകത നിമിത്തം ഉത്‌പന്നങ്ങൾക്ക് ഉണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകുന്നത്.

മറയൂരിൽ രണ്ടായിരം ഏക്കറിലാണ് ശർക്കരയ്ക്കായുള്ള കരിമ്പ് കൃഷി. വർഷത്തിൽ എല്ലാ സീസണിലും കൃഷിയിറക്കും. അഞ്ഞൂറൂളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം കൂടിയാണിത്. ഭൗമസൂചിക പദവി ലഭിച്ചതോടെ മറയൂർ ശർക്കരയ്ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം ലഭിക്കും. ഇതോടെ കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കാമെന്ന് കർഷകർ കണക്ക് കൂട്ടുന്നു. വട്ടവട വെളുത്തുള്ളിയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും കൃഷിവകുപ്പ് അറിയിച്ചു.

click me!