
തിരുവനന്തപുരം: ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും വിഷു ആഘോഷിച്ച് മലയാളികൾ. ശബരിമലയിലും ഗുരുവായൂരും വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. വിഷുദിനത്തിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ തിരക്കിലായിരുന്നു. കണിയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി, മലയാളിക്ക് കാർഷികോൽസവം കൂടിയാണ് വിഷു, വിഷു ദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടായിരുന്നു.
ശബരിമലയില്‍ പുലർച്ചെ നാല് മണിക്ക് വിഷുക്കണി ദർശനം തുടങ്ങി. തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പഭക്തർക്ക് വിഷുകൈനീട്ടം നൽകി. വിഷുക്കണി കാണാൻ ഗുരുവായൂർ ക്ഷേത്രത്തിലും വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. പടക്കം പൊട്ടിച്ചും സദ്യയുണ്ടും കേരളീയര്‍ വിഷു ആഘോഷിച്ചു. തെരഞ്ഞെടുപ്പ് കാലത്തെത്തിയ വിഷു ദിവസം ആഘോഷത്തിന് അവധി കൊടുത്ത് സ്ഥാനാർത്ഥികളെല്ലാം വോട്ടഭ്യർത്ഥന തിരക്കിലായിരുന്നു.
പതിവ് റോഡ് ഷോയും വലിയ പ്രചാരണ യോഗങ്ങളും മാറ്റിവച്ച് പലരും വോട്ടർമാരുടെ വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചു. തൃശൂരിലെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബാംഗങ്ങൾ ഒപ്പമില്ലാതെ ആദ്യ വിഷു ആഘോഷിച്ചു. ഇടതു സ്ഥാനാർത്ഥി രാജാജി മാത്യു തോമസും യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപനും മണ്ഡലത്തിൽ വ്യക്തിപരമായ വോട്ടഭ്യർത്ഥനയിലായിരുന്നു.
ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമാണ് കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവും യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവനും വോട്ടഭ്യർത്ഥിച്ച് വീടുകളിലെത്തിയത്. കണ്ണൂരിലെയും കോഴിക്കോട്ടെയും ഇടതു സ്ഥാനാർത്ഥികളായ പികെ ശ്രീമതിക്കും എ പ്രദീപ്കുമാറിനും വിഷു ആഘോഷങ്ങളുണ്ടായിരുന്നില്ല. കണ്ണൂരെ എൻഡിഎ സ്ഥാനാർത്ഥി സി കെ പദ്മനാഭൻ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ചു.
വടകരയിലെ എൻഡിഎ യുഡിഎഫ് സ്ഥാനാർത്ഥികളും കണ്ണൂരെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും ക്ഷേത്ര ദർശനം നടത്തിയാണ് വിഷു ദിനത്തിലെ വോട്ടഭ്യർത്ഥന തുടങ്ങിയത്. മലപ്പുറത്തെ സ്ഥാനാർത്ഥികൾ ഇന്ന് വലിയ തെരഞ്ഞെടുപ്പ് പ്രചാരണൺ ഒഴിവാക്കി വീടുകളിൽ വോട്ടഭ്യർത്ഥിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നേരത്തെ തന്നെ ആശംസകള്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആശംസകളറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam