കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

Published : Aug 19, 2025, 06:56 PM IST
coconut oil fake

Synopsis

കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ നടത്തി 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനവ്യാപക പരിശോധന ശക്തമാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍ നിന്നും 63 ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, വഴിയോര ഭക്ഷണ ശാലകള്‍, ബേക്കിംഗ് യൂണിറ്റുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക.

ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരും മേഖലാ തലത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ജില്ലകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓണം ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.

ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികള്‍ കൈക്കൊളളുന്നതാണ്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ. വിപണിയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ കൂടി ശ്രദ്ധിക്കണം. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം