
തിരുവനന്തപുരം:കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതിന്‍റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പ്. എന്നാല്‍ കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുന്‍ ധനകാര്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല. അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അവര്‍ ഒളിച്ചോടുന്നത്.
നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെയുമാണെന്ന കെ.എഫ്.സിയുടെ ആദ്യ വാദം തന്നെ പച്ചക്കള്ളമാണ്. എസ്.എഫ്.സി നിയമത്തിലെ സെക്ഷന്‍ 34 പ്രകാരം ബോര്‍ഡ് കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന സെക്യൂരിറ്റികളില്‍ മാത്രമേ നിക്ഷേപിക്കാനാകൂ. എന്നാല്‍ നിക്ഷേപ സമാഹരണത്തിനായി 2016 ല്‍ ബോര്‍ഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് 2018 ല്‍ അനില്‍ അംബാനി കമ്പനിയില്‍ നിക്ഷേപിച്ചതെന്നാണ് കെ.എഫ്.സി വിശദീകരിക്കുന്നത്. ഇതില്‍ നിന്നും അനില്‍ അംബാനിയുടെ കമ്പനിയില്‍ തന്നെ നിക്ഷേപിക്കാന്‍ കെ.എഫ്.സി ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. 2016 ഏപ്രില്‍ ഒന്നിനാണ് ആര്‍.സി.എല്‍ എന്ന കമ്പനിയില്‍ നിന്നും ആര്‍.സി.എഫ്.എല്‍ രൂപീകരിച്ചത്. 2016 ജൂണില്‍ കെ.എഫ്.സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2016 ഏപ്രിലില്‍ തുടങ്ങിയ രണ്ട് മാസം മാത്രം പ്രായമായ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?
കെ.എഫ്.സി നിക്ഷേപം നടത്തിയതിന് ശേഷമാണ് റേറ്റിംഗ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിന് ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള കെ.എഫ്.സിയുടെ വാദവും വസ്തുതാ വിരുദ്ധമാണ്. ആര്‍.സി.എഫ്.എല്ലില്‍ നിക്ഷേപിക്കുന്നതിന് രണ്ട് മാസം മുന്‍പ് കെയര്‍ റേറ്റിംഗ് ഏജന്‍സി ഇറക്കിയ പത്രകുറിപ്പില്‍ (2018 ജനുവരി 18) ആര്‍.സി.എഫ്എല്ലിന്റെ 'Credit watch with developing implications' എന്നാണ് ഫ്ളാഗ് ചെയ്തത്. പാരന്റല്‍ കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെ ക്രെഡിറ്റ് റേറ്റിംഗും ഇതു തന്നെയായിരുന്നു. സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും കെയര്‍ 'ഡി' റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. എന്നിട്ടാണ് നിക്ഷേപം നടത്തുമ്പോള്‍ എല്ലാം ഭദ്രമായിരുന്നെന്ന് കെ.എഫ്.സി വാദിക്കുന്നത്. 2018 ജൂണിനു ശേഷം വിപണിയിലുണ്ടായ പ്രതിസന്ധികളും പ്രധാന NBFC കളുടെ തകര്‍ച്ചയും ആര്‍സിഎഫ്എല്ലിനെയും ബാധിച്ചതാണ് നിക്ഷേപത്തെ ബാധിച്ചതെന്ന കെ.എഫ്.സിയുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
ആര്‍.സി.എഫ്.എല്ലിലെ നിക്ഷേപം വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറച്ചു വച്ചിട്ടില്ലെന്നു കെ.എഫ്.സി പറയുന്നതും നട്ടാല്‍ കുരുക്കാത്ത നുണയാണ്. 2018-19, 2019-20 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ആര്‍.സി.എഫ്.എല്‍ എന്ന പേരേ ഇല്ലായിരുന്നു. 2019 ല്‍ അംബാനിയുടെ കമ്പനി പൂട്ടിയപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.സി.എഫ്.എല്ലിന്റെ പേര് ഉള്‍പ്പെടുത്തിയത്.
നിക്ഷേപ തുക തിരിച്ചു കിട്ടാന്‍ നിയമ പോരാട്ടം നടത്തുമെന്നു കെ.എഫ്.സി പറയുന്നതും അപഹാസ്യമാണ്. ഏഴ് വര്‍ഷത്തെ പലിശ നഷ്ടപ്പെട്ടതിനു പുറമെ ഇനി കേസ് നടത്താന്‍ വക്കീലിനും കോടികള്‍ നല്‍കേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മീഷനു വേണ്ടി നഷ്ടപ്പെടുത്തിയിട്ട് ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ ക്യാപ്സ്യൂള്‍ ഇറക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയാണെന്നും സതീശന്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam