
പാലക്കാട്: മതിയായ ചികിത്സാ സൌകര്യങ്ങളില്ലാത്ത അട്ടപ്പാടിയിൽ (Attappadi) കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുടെ (Kottathara Hospital) പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദേശങ്ങളുമായി കെജിഎംഒഎ (kgmoa). രോഗികൾ കൂടുതലുള്ളതിനാൽ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്തിക സൃഷ്ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. കോട്ടത്തറ ആശുപത്രിയിൽ നിന്നു നൽകുന്ന സേവനങ്ങൾ അക്കമിട്ടു നിരത്തിയാണ് കെജിഎംഒയുടെ കുറിപ്പ്.
ആശുപത്രിയിൽ നിന്നും ഏറ്റവും കൂടുതൽ റഫറൻസ് നൽകേണ്ടിവരുന്നത് ഗർഭിണികളുടെയും മറ്റു രോഗികളുടെയും സ്കാനിംഗിന് വേണ്ടിയാണെന്നും അതിനാൽ ആശുപത്രിയിൽ സ്കാനിങ് സൗകര്യം ഒരുക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഒപ്പം വിവിധ വിഭാഗങ്ങളിലേക്ക് കൂടുതൽ ഡോക്ടർമാരെയും നിയമിക്കണം. കൃത്യസമയത്ത് സ്കാനിംഗ് ചെയ്യുന്ന സൗകര്യം ഉണ്ടായാൽ, ഗുരുതര പ്രശ്നങ്ങൾ പ്രത്യേകിച്ചു ഗർഭിണികളുടെയും ഗർഭസ്ഥ ശിശുക്കളുടെയും പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയുകയും. അതുവഴി ശിശുമരണങ്ങൾ കുറയ്ക്കാൻ കഴിയും. ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടേയും കുറവ് പരിഹരിക്കണം. ആശുപത്രിയിൽ കൂടുതൽ നിയമനങ്ങൾ നടത്തണം. വെന്റിലേറ്റർ സൗകര്യം ഉള്ള ആംബുലൻസ് നൽകണം. അട്ടപ്പാടിയിൽ ട്രൈബൽ നോഡൽ ഓഫീസർ വേണം ഇതൊടൊപ്പം സമഗ്രമായ പഠനം നടത്തി കാതലായ പ്രശ്നം കണ്ടെത്തണം.
അട്ടപ്പാടിയുടെ സാമൂഹ്യ സാമ്പത്തിക സാഹചചര്യങ്ങളെ ഉയർത്തി കൊണ്ടുവരണം. യുവ തലമുറയിലെ പുരുഷന്മാർ സ്ത്രീകൾക്കൊപ്പം മാനസികവും ശാരീരികവും ആയി ആരോഗ്യമുള്ളവർ ആയാൽ മാത്രമേ അത് സാധിക്കൂ. ലഹരിയുടെ പിടിയിൽ നിന്നും മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിന്നും അവരെ മുക്തരാക്കാൻ അട്ടപ്പാടിക്ക് മാത്രമായി ഒരു വിമുക്തി മൊബൈൽ ഡീ അഡിക്ഷൻ സെന്റർ ആവശ്യമാണ്. നിലവിൽ പാലക്കാട് ജില്ലയുടെ വിമുക്തി സെന്റർ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്പെഷ്യൽ വിമുക്തി ടീം അടിയന്തിര ആവശ്യമാണെന്നും കെജിഎംഒഎ നിർദ്ദേശങ്ങളിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam