പി.ജി ഡോക്ട‍ർമാരുടെ സമരത്തിന് പിന്തുണയുമായി കെജിഎംസിടിഎ രംഗത്ത്

By Web TeamFirst Published Aug 2, 2021, 5:57 PM IST
Highlights

ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, സ്റ്റൈപ്പൻഡ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തിയിരുന്നു.

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, സ്റ്റൈപ്പൻഡ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് പിജി ഡോക്ടർമാർക്ക് പിന്തുണയുമായി കോളേജ് അധ്യാപകരുടെ സംഘടനയും രംഗത്ത് എത്തിയിരിക്കുന്നത്. 

കെജഎംസിടിഎയുടെ വാർത്താക്കുറിപ്പ് - 

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, പോസ്റ്റ്ഗ്രാജുവേറ്റ് പഠനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മെഡിക്കൽ പോസ്റ്റ്ഗ്രാജുവേറ്റ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാസമരം നടത്തുകയാണ്. പലതവണയായി ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിനാലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി ഇന്നലെ നടന്ന ചർച്ച ഫലം കാണാത്തതിനാലുമാണ് മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങാൻ നിർബന്ധിതരായത്. 

മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നത് നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളുടെ സുഗമമായുള്ള ദൈനദിനപ്രവർത്തനങ്ങളെ താളം തെറ്റിക്കും എന്നകാര്യത്തിൽ സംശയമില്ലാത്തതാണ്. അതിനാൽ മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ ന്യായമായ വിവിധ ആവശ്യങ്ങൾ അവരുമായി ചർച്ചനടത്തി അനുഭാവപൂർവം പരിഗണിക്കണമെന്ന് സർക്കാരിനോട് കെജിഎംസിടിഎ അഭ്യർത്ഥിക്കുന്നു.

കോവിഡ്-കോവിദിതര രോഗങ്ങൾ എന്നിവ ഒന്നിച്ചു ചികിസിക്കേണ്ടി വരുന്നതിനാലുള്ള വർദ്ധിച്ച ജോലിഭാരം ലഘൂകരിക്കുന്നതിന് മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം. അതുപോലെ കോവിഡ് ചികിത്സകൾ പൂർണ്ണമായും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അതീവഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് മാത്രമായി മെഡിക്കൽ കോളേജുകളിലെ സേവനം ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാൽ മാത്രമേ പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ നോൺ കോവിഡ് രോഗങ്ങൾക്കുള്ള വിദഗ്ധചികിത്സ തടസ്സമില്ലാതെ നൽകാൻ കഴിയുകയുള്ളൂ. 

അതുപോലെ കോവിഡ് മൂലം ഭാഗികമായി മുടങ്ങിക്കിടക്കുന്ന മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ പഠനവും പരിശീലനവും പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും അത്യാവശ്യമാണ്. കൂടാതെ വാക്‌സിനേഷൻ വിതരണത്തിനിടയിൽ ഡോക്ടർമാരുടെ നേർക്കുള്ള കയേറ്റങ്ങൾ അവസാനിപ്പിനുള്ള നടപടികൾ എടുക്കാനും സർക്കാർ തയ്യാറാകണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!