'നജ്മയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തത്'; നടപടി വേണമെന്ന് ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍

By Web TeamFirst Published Oct 21, 2020, 7:16 PM IST
Highlights

നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
 

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

ജോലിഭാരം കുറക്കാന്‍ നടപടിയെടുക്കണമെന്നും കൂടുതല്‍ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗ് ഓഫിസര്‍ കീഴ് ജീവനക്കാരെ ജാഗ്രതപ്പെടുത്തുവാന്‍ അവരുടെ ഔദ്യോഗിക ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയായിരുന്നെന്നും ആധുനിക വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എപ്പോഴുമുള്ള ഐസിയുകളില്‍ ഇത്തരം സംഭവം നടന്നെന്നത് വിശ്വസിക്കാനാവില്ല.

ഡോ. നജ്മ കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ദൃശ്യമാധ്യമങ്ങളുടെ മുന്നില്‍ മെഡിക്കല്‍ കോളേജില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന എല്ലാവരെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ അഭിമുഖം നല്‍കിയെന്നും നഴ്‌സസ് യൂണിയന്‍ ആരോപിച്ചു.
 

click me!