തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധികമാക്കാൻ സർക്കാർ നീക്കം. ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം എൺപതിനായിരത്തിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരമാക്കി കൂട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. അംഗീകാരം തേടി രതീഷ് തന്നെ ഖാദി ബോർഡ് അംഗങ്ങൾക്ക് കത്തയച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
കെ എ രതീഷ് ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർദ്ധനവും മറനീങ്ങുന്നത്. ഖാദി സെക്രട്ടറിയായ കെ എ രതീഷ് സെപ്റ്റംബർ മാസമാണ് ശമ്പള വർദ്ധന ആവശ്യപ്പെട്ടത്. കിൻഫ്ര എംഡിക്ക് സർക്കാർ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരം ശമ്പളം തനിക്കും വേണമെന്നായിരുന്നു ആവശ്യം. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയർമാനുമായ മന്ത്രി ഇ പി ജയരാജൻ മിന്നൽ വേഗത്തിൽ അംഗീകാരം നൽകി. തൊട്ട് പിന്നാലെ ധനവകുപ്പും ശമ്പള വർദ്ധന അംഗീകരിച്ചു.
അന്തിമ നടപടികൾക്കായി വ്യവസായ സെക്രട്ടറിക്ക് മുന്നിൽ ഫയൽ എത്തിയപ്പോഴാണ് പൊരുത്തക്കേടിൽ സംശയമുയർന്നത്. മുൻ സെക്രട്ടറിമാരുടെ ശമ്പളം എത്രയെന്ന് അന്വേഷിച്ച് വ്യവസായ സെക്രട്ടറി ഖാദി ബോർഡിനോട് വ്യക്തത തേടി. എൺപതിനായിരമായിരുന്നു തൊട്ടുമുമ്പുള്ള സെക്രട്ടറി വാങ്ങിയ ശമ്പളം. കുരുക്ക് നീങ്ങാൻ ഖാദി ബോർഡിനെ കൊണ്ട് തന്നെ തീരുമാനമെടുപ്പിക്കാൻ രതീഷ് നടത്തിയ നീക്കമാണ് ഈ കത്ത്.
കൊവിഡ് പ്രശ്നങ്ങളിൽ ബോർഡ് കൂടാൻ ബുദ്ധിമുട്ടുള്ളതിനാൽ സർക്കാർ അംഗീകാരം നൽകിയ ശമ്പള വർദ്ധനവിൽ ബോർഡ് അംഗങ്ങൾ അഭിപ്രായം അറിയിക്കണമെന്നാണ് കത്തിൽ പറയുന്നത്. ഇതിൽ ഒപ്പിട്ടിരിക്കുന്നത് കെ എ രതീഷ് തന്നെയാണ്. ബോർഡിന്‍റെ അംഗീകാരം കിട്ടിയാൽ ശമ്പളം മാത്രം എൺപതിനായിരത്തിൽ നിന്നും ഒരു ലക്ഷത്തിയെഴുപതിനായിരമാകും. മറ്റ് ആനുകൂല്യങ്ങൾ വേറെയും കിട്ടും.
പാവപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക നൽകാൻ പോലും വഴിയില്ലാതെ ശ്വാസം മുട്ടുകയാണ് ഖാദി ബോർഡ്. അപ്പോഴും വിവാദ ഉദ്യോഗസ്ഥന് ഇരട്ടിയിലേറെ ശമ്പളം അതിവേഗം കൂട്ടി നൽകാൻ ഈ സാമ്പത്തിക പ്രതിസന്ധിയൊന്നും സർക്കാരിന് പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഈ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam