'അത് തേജസ് ആകാം', കെഎം ഷാജിക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

By Web TeamFirst Published Oct 24, 2020, 7:31 AM IST
Highlights

കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്‍റെ മകന്‍റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്‍റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. 'മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ല. മകനെ കുടുക്കാൻ സംഭാഷണം ചിലർ ചോർത്തിയതാകും'

കണ്ണൂർ: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിലുള്ള ചിലർക്ക് പാപ്പിനിശ്ശേരി സ്വദേശി ക്വട്ടേഷൻ നൽകിയെന്ന കെ എം ഷാജി എംഎൽഎയുടെ പരാതിയിൽ നിർണായക വെളിപ്പെടുത്തൽ. കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്‍റെ മകന്‍റേത് തന്നെയാകാനാണ് സാധ്യതയെന്ന് പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി തേജസ്സിന്‍റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. 'മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ല. മകനെ കുടുക്കാൻ സംഭാഷണം ചിലർ ചോർത്തിയതാകു'മെന്നും തേജസ്സിന്‍റെ അച്ഛൻ പറയുന്നു. 

തേജസ്സ് സിപിഎം അനുഭാവിയാണെന്ന് സമ്മതിക്കുന്ന അച്ഛൻ പക്ഷേ, സജീവപാർട്ടി പ്രവർത്തകനല്ലെന്ന് പറയുന്നു. ഇത് തേജസ്സ് മദ്യലഹരിയിൽ വിളിച്ച ഫോൺ കോൾ ആകാനാണ് സാധ്യതയെന്നാണ് അച്ഛൻ പറയുന്നത്. നാല് ദിവസമായി തേജസ് വീട്ടിൽ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും അച്ഛൻ പറഞ്ഞു. 

ഷാജി പൊലീസിൽ പരാതി നൽകിയ അന്ന് മുതൽ തേജസ്സ് ഒളിവിൽ പോയെന്നാണ് വിവരം. നിലവിൽ വളപട്ടണം സിഐയാണ് കേസന്വേഷിക്കുന്നത്. ഞങ്ങളുടെ പ്രതിനിധി നൗഫൽ ബിൻ യൂസഫ് കുഞ്ഞിരാമനുമായി സംസാരിച്ചു. 

ആരാണ് തേജസ്സ്?

''ആരോ അവനെ കുടുക്കിയതാണ്. പൊലീസ് വന്നിട്ട് ചോദിച്ചത്, മുംബൈ അധോലോകവുമായി എന്താണ് തേജസ്സിന് ബന്ധമെന്നാണ്. മുംബൈയിൽ ഞങ്ങൾക്ക് ബന്ധങ്ങളില്ല. എന്‍റെ കൂടെ മുംബൈയിൽ വന്ന്, അവിടെ നിന്ന് ഗൾഫിൽ പോയതാണ് തേജസ്സ്. തേജസ്സ് ജോലി ചെയ്തതെല്ലാം ഗൾഫിലാണ്'', എന്ന് അച്ഛൻ പറയുന്നു.

തേജസ്സ് എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്ന് അച്ഛൻ പറയുന്നു. ''മകനെ അന്വേഷിച്ച് നടക്കുകയാണ് താൻ. തന്‍റെ കുടുംബം സിപിഎം അനുഭാവമുള്ള കുടുംബമാണ്. മകൻ തേജസ്സ് പഠിച്ചിരുന്ന കാലത്ത് പയ്യന്നൂർ കോളേജിൽ എസ്എഫ്ഐയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനം ആയിട്ടില്ല. കോളേജിൽ ചെറിയ അടിപിടിക്കേസൊക്കെ ഉണ്ടായിട്ടുണ്ട്'', എന്ന് അച്ഛൻ. 

മദ്യലഹരിയിലാകാം തേജസ്സ് ഇക്കാര്യം പറഞ്ഞതെന്നും, ഇതിന്‍റെ പേരിൽ താൻ ഷാജിയോട് വേണമെങ്കിൽ മാപ്പപേക്ഷിക്കാമെന്നും കുഞ്ഞിരാമൻ പറയുന്നു. 

എന്താണ് കേസ്?

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് കാട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് കെ എം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുന്നത്. ഈ പരാതിയാണ് വളപട്ടണം പൊലീസിന് ഡിജിപി കൈമാറിയത്. എന്താണ് വധിക്കാനുള്ളതിന് പ്രകോപനമായതെന്നത് എംഎൽഎ പരാതിയിൽ പറഞ്ഞിട്ടില്ല. അത് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നുമുണ്ട്. 

ഖത്തറിൽ ജോലി ചെയ്തിരുന്ന തേജസ്സ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പെയാണ് നാട്ടിലെത്തിയത്. വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി പരാതി നൽകിയ ദിവസം മുതൽ തേജസ്സിനെ കാണാനില്ല. രണ്ട് ദിവസമായി ഫോൺ സ്വിച്ചോഫാണ്. പത്ത് വർഷത്തിലധികമായി ഗൾഫിൽ ജോലി ചെയ്യുന്ന തേജസ്സിന് നാട്ടിൽ അധികം സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ്സ് വരെ മുംബൈയിലാണ് തേജസ്സ് പഠിച്ചത്. അവിടെയുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് ഇയാൾ മുങ്ങിയിരിക്കാമെന്ന് പൊലീസ് കരുതുന്നു.

click me!