കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ചട്ടങ്ങള്‍ അട്ടിമറിച്ച് ഖാദി മാള്‍; പദ്ധതിക്ക് തീരുമാനം എടുത്തത് ബോര്‍ഡ് ചേരാതെ

By Web TeamFirst Published Nov 23, 2020, 9:46 AM IST
Highlights

ഡയറക്ടർമാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നിൽ നേരത്തെ കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ ബോർഡ് സെക്രട്ടറി കെ എ രതീഷ് ആണെന്നാണ്  ആക്ഷേപം.

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഖാദി ബോർഡ് സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന 50 കോടിയുടെ വ്യാപാര സമുച്ഛയം സർക്കാർ ചട്ടങ്ങൾ അട്ടിമറിച്ചുകൊണ്ട്. ഖാദി  ബോർഡിൽ തീരുമാനിക്കാതെയും പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെയുമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.  സംഭവം വിവാദമായതോടെ ഭരണാനുമതിക്കായി സർക്കുലര്‍ ഇറക്കിയും  മാസങ്ങൾക്ക് മുമ്പേയുള്ള തിയതിയിട്ട് ഫയലുണ്ടാക്കിയും പദ്ധതി ക്രമപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. ഡയറക്ടർമാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നിൽ നേരത്തെ കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ ബോർഡ് സെക്രട്ടറി കെ എ രതീഷ് ആണെന്നാണ്  ആക്ഷേപം. പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡിനോട് ചേർന്നുള്ള സർക്കാരിന്‍റെ ഒന്നരയേക്കർ കണ്ണായ  ഭൂമിയിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ  50 കോടിയുടെ പദ്ധതി.

കഴിഞ്ഞ ഒക്ടോബർ 23ന്  വ്യവസായ മന്ത്രി തറക്കല്ലിട്ടു. അപ്പോഴും പദ്ധതിക്കായുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടില്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജിനോട്  ഈ വിഷയം ഉന്നയിച്ചപ്പോൾ സെക്രട്ടറി കെ എ രതീഷാണ് പദ്ധതിക്ക് പിന്നിലെന്ന് മറുപടി. ബോർഡ് തീരുമാനിക്കാതെയും സാങ്കേതിക അനുമതി നേടാതെയുമാണ് പദ്ധതിയെന്ന വാർത്ത പുറത്ത് വന്നതോടെ സെക്രട്ടറി തിടുക്കപ്പെട്ട് പണി തുടങ്ങി. മാസങ്ങൾക്ക് മുൻപേയുള്ള തിയതിയിട്ട് എഴുതി തയ്യാറാക്കിയ ഒരു ഫയൽ എഞ്ചിനിറിങ്ങ് വിഭാഗത്തിലെ ഒരു താത്കാലിക ജീവനക്കാരനെക്കൊണ്ട് ഉണ്ടാക്കിച്ചു. പദ്ധതി ബോർഡ്  ചെയർമാനായ മന്ത്രി അംഗീകരിച്ചെന്ന് കാട്ടി എല്ലാ മെമ്പർമാർക്കും സർക്കുലർ അയച്ച് ഒപ്പിട്ടും വാങ്ങി. 

തങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകൾക്ക് ലാഭമുണ്ടാക്കാനാകുന്ന തരത്തിൽ ഒട്ടും സുതാര്യമല്ലാതെ ഒരു പദ്ധതിയുണ്ടാക്കി നടപ്പാക്കുന്നു എന്നതാണ് നിലവിൽ ഉയരുന്ന ആക്ഷേപം. 2004ൽ കോടികൾ മുടക്കി ഖാദി ബോർഡ് കൊച്ചി കലൂരിൽ  നിർമ്മിച്ച വ്യാപാര കേന്ദ്രത്തിന്‍റെ രണ്ട് നിലകൾ ഇപ്പോളും ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് പാപ്പിനിശ്ശേരിയിൽ പുതിയൊരണ്ണം പണിയുന്നത് എന്നതും ചേർത്തുവായിക്കാം.

click me!