പാലക്കാട്: തനിക്കെതിരായ ഫോൺ ശബ്ദരേഖയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന മുകേഷ് എംഎൽഎയുടെ വാദം പൊളിഞ്ഞു. കൂട്ടുകാരന് പഠന സഹായം തേടി എംഎൽഎയെ വിളിച്ചത് ഒറ്റപ്പാലത്തെ സിപിഎം അനുഭാവിയുടെ മകനാണെന്ന് വ്യക്തമായി. എംഎൽഎ തന്നെ വഴക്കുപറഞ്ഞതിൽ വിഷമമില്ലെന്ന് സിപിഎം നേതാക്കൾക്ക് ഒപ്പം മാധ്യമങ്ങളെ കണ്ട കുട്ടി പറഞ്ഞു.
ഒരു കുട്ടിയോടുള്ള ഈ സംഭാഷണത്തിന്റെ പേരിൽ മുകേഷ് എംഎൽഎയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത് രൂക്ഷ വിമർശനം. ഇതോടെ മുഖം രക്ഷിക്കാനുള്ള വിശദീകരണവുമായി എംഎൽഎ രംഗത്തു വന്നു.
എന്നാൽ എംഎൽഎയുടെ ഗൂഢാലോചനാ വാദം ഇന്ന് അപ്പാടെ പൊളിഞ്ഞു. എംഎൽഎയെ വിളിച്ച കുട്ടി ഒറ്റപ്പാലത്തെ പാർട്ടി അനുഭാവിയുടെ മകനെന്ന് വ്യക്തമായി. വിവരമറിഞ്ഞതും കുട്ടിയെ സിപിഎം നേതാക്കൾ സിഐടിയു ഓഫീസിലേക്ക് മാറ്റി. മാധ്യമങ്ങൾ എത്തിയതോടെ ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ അടക്കമുള്ള മുതിർന്ന നേതാക്കളുടെ വലയത്തിൽ കുട്ടി മാധ്യമങ്ങൾക്കു മുന്നിലെത്തി. പത്താംക്ലാസ്സുകാരനായ സഹപാഠിക്ക് സഹായം തേടിയാണ് വിളിച്ചതെന്നും സിനിമാ നടനല്ലേ, സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി. ശകാരിച്ചതിൽ വിഷമമില്ലെന്നും, ആറ് തവണ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരുമല്ലോയെന്നും കുട്ടി പറയുന്നു.
അതിനിടെ യൂത്ത് കോൺഗ്രസ് കെഎസ്‍യു പ്രവർത്തകർ എംഎൽഎയുടെ ഓഫിസിലേക്ക് ചൂരലുമായി മാർച്ചും നടത്തി. എന്നാൽ വിളിച്ച കുട്ടിക്കെതിരെയല്ല, തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്ക് എതിരെയാണ് താൻ കേസ് നൽകാൻ പോകുന്നതെന്ന് മുകേഷ് എംഎൽഎയുടെ ഓഫീസും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam