
തിരുവനന്തപുരം :ഘടകക്ഷികളുടെ എതിര്‍പ്പുകൾ മറികടന്ന് കിഫ്ബി ടോൾ ഉറപ്പിച്ച് എൽഡിഎഫ്. വരുമാനമുണ്ടാക്കി കിഫ്ബിയെ സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്ന ഇടതുമുന്നണിയുടെ സർക്കുലർ പുറത്ത്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കൺവീനറുടെ വിശദീകരണം.നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികൾ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലക്ക് അനുമതി നൽകാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് തീരുമാനം. മദ്യ നിര്‍മ്മാണ ശാല പാടില്ലെന്ന് സിപിഐയും ആര്‍ജെഡിയും കട്ടായം പറഞ്ഞിട്ടും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ചെവിക്കൊണ്ടില്ല.
കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കാതെ മദ്യ നിര്‍മ്മാണ പ്ലാന്റുമായി മുന്നോട്ട് പോകാമെന്ന തീരുമാനിച്ച ഇടത് മുന്നണി നേതൃത്വം കിഫ്ബി ടോളിന്‍റെ കാര്യത്തിലും സര്‍ക്കാരിന് നൽകുന്നത് പച്ചക്കൊടി. വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് പൊതുവെ ദോഷം ഉണ്ടാക്കാത്ത നടപടികളാണ് കിഫ്ബിക്ക് ആവശ്യമെന്നും സംരക്ഷണം ഉറപ്പാക്കാൻ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടോൾ വിരുദ്ധ സമീപനത്തിൽ വെള്ളം ചേര്‍ത്തതും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്നതിലും സിപിഐ അടക്കുമള്ള ഘടകക്ഷികളുടെ കടുത്ത വിയോജിപ്പ് സിപിഎം പരിഗണിക്കുന്നതേയില്ല. മറ്റെല്ലാ വിവാദ തീരുമാനങ്ങളിലുമെന്ന പോലെ കിഫ്ബി ടോളിലും മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിച്ചു മുന്നണി അനുസരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന സര്ക്കുലര്‍.
വിവാദവിഷയങ്ങളിൽ പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ കൊണ്ട് അംഗീകരിപ്പിക്കാനാകാത്തതിൽ സിപിഐ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അമർഷമുണ്ട്