
തിരുവനന്തപുരം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് (Wayanad Tunnel ) 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്.
നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നൽകിയിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരം 2134 കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് ഇപ്പോൾ കിഫ്ബി പദ്ധതിക്ക് ധനാനുമതി നൽകിയത്. വനംവകുപ്പിൻ്റെ അംഗീകാരവും സർക്കാരിന്റെ ഭരണാനുമതിയും ലഭിച്ചാൽ ഇനി തുരങ്ക നിർമ്മാണ നടപടികളിലേക്ക് കടക്കാനാവും.