
തിരുവനന്തപുരം: പദ്ധതി നടത്തിപ്പിലെ പരിശോധനയെ ചൊല്ലി കിഫ്ബിയും ജലവിഭവ വകുപ്പും തമ്മിൽ രൂക്ഷമായ തർക്കം. പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ച ജലവിഭവ വകുപ്പിന്‍റെ നടപടി തെറ്റാണെന്ന് പറഞ്ഞ കിഫ്ബി സിഇഒ വകുപ്പുമായുള്ള കരാറുകൾ നിർത്തിവെച്ചു. എന്നാൽ പരിശോധനക്ക് അധികാരമുണ്ടെന്നാണ് ജലവിഭവ വകുപ്പ് നിലപാട്.
കിഫ്ബി വഴി കടമക്കുടി പഞ്ചായത്തിലും താനൂർ മുൻസിപ്പിലാറ്റിയിലും നടപ്പാക്കുന്ന ജലവിതരണ പദ്ധതിയിലെ അപാകതകളെ കുറിച്ചുള്ള അന്വേഷണത്തെ ചൊല്ലിയാണ് വിവാദം. കിഫ്ബിയുടെ അഡ്മിനിസ്ട്രേറ്റീവ് പരിശോധനാ വിഭാഗം ആദ്യം പോരായ്മ് കണ്ടെത്തി. പിന്നാലെ ജലവിഭവ വകുപ്പ് ഇൻസെപ്ക്ഷൻ അതോറിറ്റി നാല് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണത്തിന് ഉത്തരവിട്ടു.
ഫെബ്രുവരി പത്തിനായിരുന്നു ഉത്തരവ്. എന്നാൽ കിഫ്ബി സിഇഒ കെഎം എബ്രഹാം ഈ നടപടി ചോദ്യം ചെയ്തു. ജലവിഭവവകുപ്പിന് പരിശോധനക്ക് അധികാരമില്ലെന്നും കിഫ്ബി ഇൻസ്പെക്ഷൻ വിംഗിന് തന്നെയാണ് കൂടുതൽ പരിശോധനക്കുള്ള അധികാരമെന്നും ചൂണ്ടിക്കാട്ടി കത്തയച്ചു. എന്നാൽ കിഫ്ബി ചട്ടം 17 എ പ്രകാരം സർക്കാർ വകുപ്പുകൾക്ക് തന്നെ പരിശോധനക്കായി സംഘത്തെ നിയോഗിക്കാമെന്ന് കാണിച്ച് വാട്ടർ അതോറിറ്റി എംഡി കിഫ്ബിക്ക് മറുപടി നൽകി.
എന്നാൽ ഇത് ചട്ടം ദുർവ്യാഖ്യാനം ചെയ്യലാണെന്നും പദ്ധതികളുടെ ത്രികക്ഷി കരാർ പ്രകാരം പരിശോധനാ ചുമതല കിഫ്ബിക്കാണെന്നും സിഇഒ വ്യക്തമാക്കി. ഒപ്പം ഒരറയിപ്പ് ഉണ്ടാകും വരെ ജലവിഭവ വകുപ്പുമായി പുതിയ കരാർ ഏർപ്പെടില്ലെന്നും വകുപ്പുമായുള്ള ഇടപാടുകൾ നിർത്തിവെക്കുന്നതായും കിഎഫ്ബി സിഇഒ അറിയിച്ചു.
നേരത്തെ സിഎജി പരിശോധനയെ എതിർത്ത കിഫ്ബി സർക്കാർ വകുപ്പുകളുടെ പരിശോധനയെയും ഇപ്പോൾ എതിർക്കുകയാണെന്നാണ് ജലവിഭവ വകുപ്പ് നിലപാട്. വിവാദമായതോടെ ജലവിഭവവകുപ്പ് മന്ത്രി കിഫ്ബിയുമായി ഉടൻ ചർച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam