
തിരുവനന്തപുരം: അഴീക്കോട് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. 2017 - ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ ആണ് നടപടി.
പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരൻ.
സ്കൂൾ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് കെഎം ഷാജി മാനേജ്മെന്റിനോട് പറഞ്ഞു.
എന്നാൽ 2017 ൽ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.
അതേസമയം 2017 സെപ്തംബർ മാസത്തിലാണ് പദ്മനാഭൻ പരാതി നൽകിയത്. പുനരന്വേഷണം നടത്താൻ അനുവാദം നൽകുന്നത് ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. പൂതപ്പാറ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റി നൽകിയ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തില്ലെന്നും മറിച്ച് പരാതിക്കാർക്ക് എതിരെ നടപടിയെടുത്തുവെന്നും പദ്മനാഭൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam