കിഫ്ബിയിൽ സമ്പൂർണ ഓഡ‍ിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്കി സിഎജിക്ക് സർക്കാരിന്‍റെ കത്ത്

By Web TeamFirst Published Nov 18, 2019, 7:20 PM IST
Highlights

കിഫ്ബിയിൽ ചട്ടം 20 (2) പ്രകാരം സമ്പൂർണ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് നാല് കത്തുകളാണ് സിഎജി സർക്കാരിന് നൽകിയിരുന്നത്. ഇക്കാര്യത്തിൽ ഇതാദ്യമായാണ് സർക്കാർ സിഎജിയെ മറുപടി അറിയിക്കുന്നത്.

തിരുവനന്തപുരം: കിഫ്ബിയിൽ സമ്പൂർണ ഓഡ‍ിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്കി സർക്കാർ സിഎജിക്ക് കത്തയച്ചു. ചട്ടം 20(2) പ്രകാരം ഓഡിറ്റിന് അനുമതി നിഷേധിച്ച് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിഎജിക്ക് കത്തു നൽകിയത്. സമ്പൂർണ്ണ ഓഡിറ്റിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നാശ്യപ്പെട്ട് സിഎജി നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

കിഫ്ബിയിൽ ചട്ടം 20 (2) പ്രകാരം സമ്പൂർണ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് നാല് കത്തുകളാണ് സിഎജി സർക്കാരിന് നൽകിയിരുന്നത്. ഇക്കാര്യത്തിൽ ഇതാദ്യമായാണ് സർക്കാർ സിഎജിയെ മറുപടി അറിയിക്കുന്നത്. ചട്ടം 20 (2) പ്രകാരം ഓഡിറ്റിംഗിന് ആവശ്യപ്പെടാനുള്ള അധികാരം മാത്രമേ സിഎജിക്കുള്ളൂ. അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാവുന്നതാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി മറുപടിയിൽ പറയുന്നു. 

കിഫ്ബിയിൽ സർക്കാരിന്‍റെ ഓഹരി കുറഞ്ഞാൽ ഓഡിറ്റിംഗ് തന്നെ സാധ്യമാവില്ലെന്ന ആശങ്ക സിഎജി സർക്കാരിനു നൽകിയ നാലാമത്തെ കത്തിൽ ചൂണ്ടികാട്ടിയിരുന്നു. സർക്കാർ ഓഹരി കുറഞ്ഞാലും ചട്ടം 14 (2) പ്രകാരം ഓഡിറ്റിംഗ് നടത്താൻ മുൻകൂർ‍ അനുതി നൽകുന്നതായും സർക്കാർ സിഎജിയെ അറിയിച്ചു. 

click me!