
തിരുവനന്തപുരം: കിഫ്ബി ജനിച്ചപ്പോഴും പുനഃസംഘടിപ്പിച്ചപ്പോഴും 25 വര്‍ഷം തികയുമ്പോഴും സിഇഒ ആയി തുടരാന്‍ ഭാഗ്യം ലഭിച്ചുവെന്ന് കെ.എം. എംബ്രഹാം. ഇത്ര വലിയ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് കരുതിയില്ല. 1999ല്‍ ചെറിയൊരു ധനകാര്യ സംരംഭമെന്ന് കരുതിയാണ് ആരംഭിച്ചത്. ഇന്ന് പ്രധാന മൂലധന ഏജന്‍സിയായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ 25-ാം വാര്‍ഷിക ആഘോഷത്തില്‍ ‘നവകേരള ദര്‍ശനവും കിഫ്ബിയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ നിയമ ഭേതഗതി വരുത്തി നിരവധി ആശയം ഉള്‍പ്പെടുത്തി. 2021ല്‍ കിഫ്ബിയെടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി അത് കുറയ്ക്കും എന്ന് കേന്ദ്രം അറിയിച്ചതാണ് ഇതുവരെയുള്ള കിഫ്ബിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലും തിരിച്ചടിയും. സംസ്ഥാന ബജറ്റ് അത്രകണ്ട് വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് സാരം. എന്‍എച്ച്എഐക്ക് മറ്റ് ഏജന്‍സികള്‍ക്കും ലഭിക്കുന്ന പരിഗണന കിഫ്ബിക്ക് കേന്ദ്രം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേസിലാണ്. 2016ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് കിഫ്ബിയുടെ രൂപകല്‍പ്പന തയാറാക്കുകയും പ്രവര്‍ത്തന മേഖലയുടെ അതിരുകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വികസന ഭൂപടത്തില്‍ ഈ പ്രദേശത്തെ സംരക്ഷിക്കേണ്ട കഠിനമായ ഉത്തരവാദിത്തം ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ചുമലില്‍ വന്ന് പതിച്ചു പോയി എന്നാണ് വാസ്തവം. പ്രതിസന്ധി ഉടലെടുത്തപ്പോള്‍ കുറച്ച് പദ്ധതികള്‍ ഘട്ടംഘട്ടമായി പുനക്രമീകരിട്ടെയെന്നും ബാക്കിയുള്ള ബജറ്റിലേക്ക് തിരിച്ചയക്കട്ടേയെന്നും ചോദിച്ചപ്പോള്‍ സധൈര്യം മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി പറഞ്ഞത്. തിരിഞ്ഞുപോക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദേശം.
കിഫ്ബിയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യം നിര്‍വഹിച്ചത് ധനമന്ത്രി ബാലഗോപാലാണ്. മക്കളെ പോറ്റാന്‍ അരയില്‍ അരക്കെട്ട് മുറുക്കി ആഹാരം ത്യജിക്കാം എന്ന് കരുതുന്ന അമ്മമാരുണ്ട്. അവരെപ്പോലെ ബാലഗോപാല്‍ കിഫ്ബിക്ക് ഒരുദോഷവും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.