
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമർശനത്തിന് മുൻപ് കുറവുണ്ടായിരുന്നില്ല. ഇക്കാര്യം പ്രമുഖർ തന്നെ പറഞ്ഞു. എന്നിട്ടും അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച സൗകര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ സൗകര്യം കൂട്ടുക എന്നത് നാട് ആഗ്രഹിക്കുന്നതാണ്. കേരളം മാത്രമല്ല തമിഴ്നാട് അതിർത്തിയിലുള്ളവരും സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ആശ്രയിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം പൊതുവേ അംഗീകാരം പിടിച്ചു പറ്റിയതാണ്. ആദ്യ ഇ എം എസ് സർക്കാർ മുതൽ വലിയ പ്രാധാന്യം നൽകി. പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെട്ടാൽ പാവപ്പെട്ടവർക്ക് വലിയ സൗകര്യമാകും.
ആരോഗ്യപ്രവർത്തകരെയോ ഡോക്ടർമാരെയൊ കൈയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആശുപത്രിയിൽ എത്തുന്നവരെ നല്ല ചികിൽസ നൽകാനാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് രോഗികൾ വരുന്നത്. ചേരാത്ത ഒറ്റപ്പെട്ട പ്രവണതയുണ്ടെങ്കിൽ അംഗീകരിക്കാനാവില്ല. ഒരു തരത്തിലുള്ള വ്യതിയാനവും ഇക്കാര്യത്തിൽ ഉണ്ടാവരുത്. ചെറിയ നോട്ടപ്പിശക് വലിയ സംഭവമായി മാറിയേക്കാം. രക്ഷപ്പെടുത്താൻ കഴിയുന്ന ചില പരിശോധകൾ നടത്താൻ പറ്റിയില്ലെങ്കിൽ അതിൻറെ കുറ്റബോധം ജീവിതകാലം മൊത്തം വേട്ടയാടും. ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ആരോഗ്യരംഗം ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ചെലവ് കൂടി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവമാറ്റ ശസ്ത്രക്രിയയുടെ കാലമാണ് ഇന്ന്. ഇതിലടക്കം വലിയ ചെലവാണ് ഉണ്ടാകുന്നത്. ചിലർ വലിയ ചാർജ്ജ് ഈടാക്കുന്നു. കരൾ മാറ്റം അടക്കമുള്ള ശസ്ത്രക്രിയയ്ക്കായി ഒരു വലിയ സ്ഥാപനം സർക്കാർ തുടങ്ങുകയാണ്. അത് വലിയ മാറ്റമുണ്ടാക്കും. ലോകത്ത് തന്നെ അപൂർവമായുള്ള സംരഭമാകും ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam