
കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ ജസ്റ്റിസ് വിജി അരുൺ ആണ് വിധി പ്രസ്താവിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഹൈക്കോടതിയെ സമീപിച്ചത്.
മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി, താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്റെ വാദം. ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നും റിസർവ് ബാങ്ക് ആണ് അന്വേഷിക്കേണ്ടത് എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നൽകിയ വ്യക്തിഗത വിവരങ്ങൾ ആണ് ഇഡി ആവർത്തിച്ച് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇഡി അന്വേഷണത്തിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ അപക്വം ആണെന്നും, ഇ ഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നും ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമുണ്ടെന്നും ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ലെന്നുമാണ് ഇഡി നിലപാട്. കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സിഎജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇ ഡി വ്യക്തമാക്കുന്നു. കിഫ്‌ബി വിദേശ പണം സ്വീകരിച്ച സംഭവത്തിൽ 2021 മാർച്ചിൽ ആണ് കിഫ്ബി സി ഇ ഓ അടക്കമുള്ളവർക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയത്.
Read Also: ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam