മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ്; 'ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താന്‍', പ്രതികരിച്ച് വിഡി സതീശൻ

Published : Dec 01, 2025, 11:53 AM IST
VD Satheesan

Synopsis

മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും. യഥാർത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രി നല്‍കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു. പിആ‌ർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്‍റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന് കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ എനിക്ക് ഒരു പിടിയുമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് തൃശ്ശൂർ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് എന്നും വിഡി സതീശൻ പറഞ്ഞു.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ഇഡി റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും. മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും എന്നതാണ് പ്രത്യേകത. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും ഇതിനെ കിഫ്‌ബിക്ക് നിയമപരമായി ചോദ്യം ചെയ്യാനാവും. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നാണ് സമിതി പരിശോധിക്കുക. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ