ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ കിഫ്ബിയും ഹൈക്കോടതിയിൽ

By Web TeamFirst Published Aug 12, 2022, 8:18 PM IST
Highlights

ഒന്നര വർഷതിനിടെ നിരവധി തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

കൊച്ചി: മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും കേരള ഹൈക്കോടതിയെ സമീപിച്ചു. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല, റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്നും കിഫ്ബി സിഇഒ കെഎം എബ്രഹാം നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഒന്നര വർഷതിനിടെ നിരവധി തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വലിയ വാദ പ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിന്‍റെ വരവ്.

ആദ്യത്തെ സമൻസിൽ  ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു. എന്നാല്‍, അന്വേഷണ ഏജൻസിക്ക് സംശയം തോന്നിയാൽ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്‍റെ മറുചോദ്യം. മൊഴി എടുക്കാനുളള അന്വേഷണ ഏജൻസിയുടെ തീരുമാനത്തിൽ എന്താണ് കുഴപ്പമെന്നും സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എൻഫോഴ്സ്മെന്‍റ്  വ്യക്തമാക്കട്ടെ എന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേയുടെ മറുപടി. തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു.

കിഫ്ബി കേസിൽ ഇഡി നടപടിക്കെതിരെ മുൻമന്ത്രിമാരായ കെകെ ശൈലജ, ഇപി ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഐബി സതീഷ്, എം മുകേഷ് എന്നീ എംഎൽഎമാരും തോമസ് ഐസകിനൊപ്പം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കിഫ്ബിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിട്ടുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം വിഷയത്തിൽ തോമസ് ഐസകിന്റെ നിലപാടിനൊപ്പമായിരുന്നു. കിഫ്ബി വിഷയത്തിൽ ഇഡി അന്വേഷണം ചട്ടവിരുദ്ധമാണെന്നായിരുന്നു സതീശന്റെയും നിലപാട്.

click me!