വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെ, 60 കിലോമീറ്റർ യാത്ര കാട്ടിലൂടെ, 'നൈറ്റ് ജംഗിള്‍ സഫാരി'യുമായി കെഎസ്ആർടിസി

By Web TeamFirst Published Aug 12, 2022, 8:05 PM IST
Highlights

വിനോദ സഞ്ചാരികള്‍ക്കായി വയനാട് ജില്ലയിൽ കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു.

കൽപ്പറ്റ:  വിനോദ സഞ്ചാരികള്‍ക്കായി വയനാട് ജില്ലയിൽ കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക.  സഞ്ചാരികള്‍ക്ക് രാത്രികാല വന യാത്രയാണ് നൈറ്റ്  ജംഗിള്‍ സഫാരി നൽകുക. 

ബത്തേരി ഡിപ്പോയില്‍ നിന്ന് തുടങ്ങുന്ന യാത്ര  പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട  യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയിൽ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പർ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി വിശ്രമ മന്ദിരം നിര്‍മ്മിച്ചത്.  

ചുരുങ്ങിയ ചിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം എസി  സ്ലീപ്പര്‍  ബസുകളും സജ്ജമാക്കി.  ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോര്‍മെറ്ററികളാണ്  സ്ലീപ്പര്‍ ബസ്സിലുള്ളത്.  സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.

Read more: ദയാവധം തേടി വിദേശത്തേക്ക് പോകാന്‍ ശ്രമം; സുഹൃത്തിന്‍റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി

ശമ്പളത്തിന് സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാൻ സാവകാശം  ചോദിച്ച് കെഎസ്ആർ ടിസി ഹൈക്കോടതിയിൽ. ജൂലൈ മാസം ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂൺ മാസത്തെ ശമ്പളം തന്നെ നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്ന്   കോടതിയെ അറിയിച്ചു. 

അതേസമയം തന്നെ ധനവകുപ്പിനെതിരെ കെഎസ്ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്പളം നൽകാൻ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടും ധനവകുപ്പ് പണം നൽകിയില്ല. എന്തുകൊണ്ട് പണം അനുവദിക്കുന്നില്ലെന്നു കെഎസ്ആര്‍ടിസിക്ക് അറിയില്ല. സർക്കാർ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നൽകി.ഇതോടെ ശമ്പളം നൽകാൻ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ പറ‌ഞ്ഞു. 

Read more:  ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കും, കെഎസ്ആർടിസി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു

tags
click me!