മസാല ബോണ്ട് വഴി സമാഹരിച്ച തുക മുഴുവൻ കിഫ്ബി തിരിച്ചടച്ചു; നടപടി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്

By Web TeamFirst Published Mar 27, 2024, 6:49 PM IST
Highlights

മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവൻ തുകയും തിരിച്ചടച്ചു. 2150 കോടിയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. മസാല ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്. 

മസാല ബോണ്ട് കേസിൽ പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് നിർദേശം. തുടർച്ചയായ എട്ടാം തവണയാണ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നേരത്തെ നൽകിയ നോട്ടീസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ചോദ്യം ചെയ്യലിനോട് സഹകരിച്ചു കൂടേയെന്നാണ് ഹൈക്കോടതി തോമസ് ഐസക്കിനോട് ചോദിച്ചത്. ഏപ്രിൽ 2ന് ശേഷവും തോമസ് ഐസക് ഹാജരായില്ലെങ്കിൽ ശക്തമായ നടപടിയെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഐസക്കിനെതിരെ വാറന്‍റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും എൻഫോഴ്സ്മെന്‍റ് ആലോചിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെ ഇ‍ഡി നൽകിയ സമൻസ് നേരിടുന്നതിൽ തോമസ് ഐസക്കും നിയമ കേന്ദ്രങ്ങളുമായി ആലോചന തുടങ്ങിയിട്ടുണ്ട്.

വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് തോമസ് ഐസകിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. മസാല ബോണ്ട് സ്വീകരിച്ചതിൽ ഫെമ നിയമ ലംഘനമുണ്ടെന്നും ഇക്കാര്യത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് അറിവുണ്ടായിരുന്നുവെന്നും ഇഡി വാദിക്കുന്നു. തോമസ് ഐസകിന്‍റെ മൊഴിയെടുക്കൽ അനിവാര്യമാണന്ന് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!