'കിഫ്ബിക്ക് നോട്ടീസയച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല, ഭീഷണി വേണ്ട', കെ സുരേന്ദ്രൻ

By Web TeamFirst Published Mar 4, 2021, 10:40 AM IST
Highlights

മടിയിൽ കനമില്ലാത്തവൻ എന്തിന് ഭയപ്പെടണം എന്നാണ് കെ സുരേന്ദ്രൻ ചോദിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. 

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു കേസന്വേഷണത്തിൽ നിന്ന് അന്വേഷണ ഏജൻസികൾ പിൻമാറണമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്‌ഥർ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

മടിയിൽ കനമില്ലാത്തവൻ എന്തിന് ഭയപ്പെടണം എന്നാണ് കെ സുരേന്ദ്രൻ ചോദിക്കുന്നത്. തട്ടിപ്പ് പുറത്തുവരും എന്നതുകൊണ്ടാണ് ഈ നീക്കം. അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ഐസക് കാണിച്ച തെറ്റാണ്. അതുകൊണ്ടാണ് ഇതിനെതിരായി ഉയർന്ന പരാതി നിയമസഭാ സമിതിയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ഐസക് കിഫ്ബിയിൽ നടത്തിയ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. മസാല ബോണ്ട് ഇറക്കിയത് ആരുടെ അറിവോടെയാണ്? ഇഡി അന്വേഷണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.

തെരുവിൽ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമെന്നും സുരേന്ദ്രൻ പറയുന്നു. 

Read more at: 'ഇഡി'ക്കൂട്ടിൽ ഏറ്റുമുട്ടാൻ സർക്കാർ, കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകില്ല, കാരണം പെരുമാറ്റച്ചട്ടം

click me!