
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വിഷ്ണുവിനെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്. കേസില്‍ വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് ആദർശിനെ നേരത്തെ പിടികൂടിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് വിഷ്ണുവുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപമായിരുന്നു അപകടം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതൊടെ വിഷ്ണുവിനെ തിരികെ ജയിലിലേക്ക് മാറ്റും.
കഴിഞ്ഞ മാസം നാലിനാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാക്കിയ കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും ദിവസങ്ങളോളം ജീവന് വേണ്ടി മല്ലിട്ട് മരണത്തിന് കീഴടങ്ങി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. വിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചു. അന്നേ ദിവസം കേസ് എടുക്കാതിരുന്ന പൊലീസ് വിഷ്ണുവിനെ പിറ്റേന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞയക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ ഒളിവിലും പോയി.
കേരളം വിട്ട വിഷ്ണു ഡിണ്ടിഗൽ, തേനി തുടങ്ങി തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. മുൻകൂർ ജാമ്യപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പാറശ്ശാലയിൽ നിന്നാണ് പൊലീസ് വിഷ്ണുവിനെ പിടികൂടുന്നത്. വാഹനത്തിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിഷ്ണു പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് പൊലീസ് ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേതാണ്. ടോള്‍ ബൂത്തുകള്‍ കടന്നു പോകാനാണ് ഇത് വാഹനത്തിൽ സൂക്ഷിച്ചതെന്നും മൊഴി നൽകി. ഐഡി കാര്‍ഡിന്‍റെ ഉടമകള്‍ അപകട സമയത്ത് കിളിമാനൂരിൽ ഇല്ലായിരുന്നുവെന്ന് മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് ദമ്പതിമാരുടെ കുടുംബം വിശ്വസിക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam