പാചക വാതക രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ തോതില്‍ കളിമണ്‍ ചൂട്ടടുപ്പുകളും ഒരുങ്ങുന്നു. മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം പിലാപ്പുള്ളി പുറ്റുണ്ടത്തറയിലെ വിവിധ വീടുകളില്‍ ചൂട്ടുടുപ്പുകളുടെ നിര്‍മാണം സജീവമാകുകയാണ്

തൃശൂര്‍: പാചക വാതക രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ തോതില്‍ കളിമണ്‍ ചൂട്ടടുപ്പുകളും ഒരുങ്ങുന്നു. മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം പിലാപ്പുള്ളി പുറ്റുണ്ടത്തറയിലെ വിവിധ വീടുകളില്‍ ചൂട്ടടുപ്പുകളുടെ നിര്‍മാണം സജീവമാകുകയാണ്. ഏറെ കാലത്തിനു ശേഷമാണ് ഇത്തരം പരമ്പരാഗത അടുപ്പുകള്‍ക്ക് വീണ്ടും പ്രിയമേറുന്നത്. ആദ്യകാലങ്ങളില്‍ ഗ്രാമീണ മേഖലയിലെങ്ങും ഇത്തരം അടുപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. സൗകര്യത്തിന് എങ്ങോട്ടു വേണമെങ്കിലും എടുത്തു മാറ്റാന്‍ കഴിയുമെന്നതും ഇത്തരം അടുപ്പുകളുടെ സവിശേഷതയാണ്.

സാധാരണ നിര്‍മിക്കാറുള്ള അടുപ്പുകളെക്കാള്‍ വേഗത്തില്‍ പാചകം ചെയാന്‍ ഇത്തരം അടുപ്പുകള്‍ക്കാവുമെന്നാണ് പഴമക്കാര്‍ പറയുന്നത്. പാചക വാതക ക്ഷാമത്തിന് ഇത്തരം പരമ്പരാഗത രീതികളും ഇനി കൈത്താങ്ങാവും. ഇത്തരം അടുപ്പുകള്‍ രണ്ടു തരത്തിലാണ് തയാറാക്കുന്നത്. മരമില്ലുകളില്‍ നിന്നും ലഭിക്കുന്ന അറക്കാപൊടി ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് ഒരു രീതി. ഇത് റൗണ്ട് ആകൃതിയിലും അടിവശം ചാരം നീക്കാനുള്ള സൗകര്യത്തോടെ ഹോള്‍ ഉള്ളതുമാണ്. മറ്റൊന്ന് വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന അടുപ്പാണ്. ഇത്തരം അടുപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പുതിയ വീടുകളില്‍ പാലുകാച്ചലിനും ക്ഷേത്രങ്ങളില്‍ പൊങ്കാല തയാറാക്കുന്നതിനും ഇത്തരം വിറക് ഉപയോഗിക്കാവുന്ന അടുപ്പുകള്‍ക്ക് തന്നെയാണ് പ്രിയം. പാചക വാതകത്തിനു ക്ഷാമം നേരിടുമ്പോള്‍ മണ്‍പാത്ര നിര്‍മാണ വീടുകള്‍ക്ക് മുമ്പിലെ ചൂട്ടുടപ്പ് നിരനിരയായി വില്പനയ്ക്കു ഒരുക്കി വയ്ക്കുന്ന കാഴ്ച ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ചൂട്ടടുപ്പുകള്‍ക്കു പുറമെ പൊങ്കാല കലങ്ങള്‍, മണ്‍കൂജകള്‍, എന്നിവയക്കുമാണ് കൂടുതല്‍ ആവശ്യക്കാരെത്തുന്നതെന്നു മണ്‍പാത്ര നിര്‍മാണ തൊഴിലാളിയായ വേലന്‍ പറഞ്ഞു. 250 മുതല്‍ 350 രൂപവരെ വ്യത്യസ്ത വിലയ്ക്കുള്ള ചൂട്ടടുപ്പുകളാണ് പ്രധാനമായും വില്പനയ്ക്കു ഒരുക്കുന്നത്.