കിറ്റില്‍ തൂക്കത്തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ തട്ടിപ്പ് കയ്യോടെ പിടികൂടി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

By Web TeamFirst Published Jun 3, 2021, 11:33 PM IST
Highlights

പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷന്‍കടകളില്‍ നിന്നുള്ള കിറ്റില്‍ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടര്‍ന്ന് ഡിവൈഎഫ്ഐയുടെ ഇടപെടലിലാണ് തട്ടിപ്പ് കയ്യോടെ പിടികൂടിയത്.
 

കോഴിക്കോട്: കോഴിക്കോട്ട് കിറ്റിലെ സാധനങ്ങളില്‍ തൂക്കം കുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. പയറും പഞ്ചസാരയും കടലയും ഉള്‍പ്പടെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതല്‍ 150 ഗ്രാം വരെ കുറവെന്ന് പരിശോധനയില്‍ വ്യക്തമായി. പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷന്‍കടകളില്‍ നിന്നുള്ള കിറ്റില്‍ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടര്‍ന്ന് ഡിവൈഎഫ്ഐയുടെ ഇടപെടലിലാണ് തട്ടിപ്പ് കയ്യോടെ പിടികൂടിയത്.

ആയിരക്കണക്കിന് കിറ്റുകളിലേക്ക് വേണ്ട സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഒന്നില്‍ പോലും അഞ്ച് ഗ്രാം കൂടുതലില്ല. മിക്കതിലും 50 മുതല്‍ 150 ഗ്രാം വരെ കുറവ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൂക്കി നോക്കിയതിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗത്തെ റേഷന്‍ കടകളില്‍ നിന്ന് കിട്ടുന്ന കിറ്റുകളില്‍ തൂക്കം കുറവാണെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പരാതിയുണ്ട്. 

വിഷയത്തില്‍ ഡിവൈഎഫ്ഐ പയ്യാനക്കല്‍ മേഖലാ കമ്മിറ്റി ഇടപെട്ടു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി. കിറ്റ് തയ്യാറാക്കുന്ന കേന്ദ്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും പായ്ക്കിന് നേതൃത്വം നല്‍കിയ മുഴുവന്‍ ജോലിക്കാരെയും ഇതില്‍ നിന്നും മാറ്റുമെന്നും ഉറപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
 

click me!