കിറ്റക്സ് എംഡിയുടെ ആരോപണങ്ങൾ തള്ളി സർക്കാർ, കുറ്റക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമമെന്ന് സാബു ജേക്കബ്

By Web TeamFirst Published Jul 5, 2021, 8:37 PM IST
Highlights

ബെന്നി ബഹന്നാൻ എംപി ദേശീയമനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയും പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണവും പരിശോധിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ് വ്യവസായമന്ത്രി പി രാജീവിന്റെ ന്യായീകരണം.

തിരുവനന്തപുരം: കിറ്റക്സ് എം ഡി ഉന്നയിച്ച ആരോണങ്ങൾ തള്ളി സർക്കാർ. ജനപ്രതിനിധികളുടേയും കോടതിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. ബെന്നി ബഹന്നാൻ എംപി ദേശീയമനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയും പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണവും പരിശോധിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ്, സർക്കാർ മുൻകൈ എടുത്തതല്ലെന്ന് വ്യക്തമാക്കിയായിരുന്നു വ്യവസായമന്ത്രി പി രാജീവിന്റെ ന്യായീകരണം. സാബു ജേക്കബിന്റെ ആരോപണങ്ങൾ ഗുഢലക്ഷ്യം വെച്ചുള്ളതാണെന്നും രാജീവ് വിമ‍ർശിച്ചു. 

അസന്റ് നിക്ഷേപസംഗമത്തിൽ 12.83 ശതമാനം പദ്ധതികളും തുടങ്ങിയെന്നും വ്യവസായമന്ത്രി വിശദീകരിച്ചു. എന്നാൽ
ആരോപണത്തിൽ ഉറച്ച് നിന്ന സാബുജേക്കബ് കോൺഗ്രസ് നേതാക്കളുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതികരിച്ചു. കുറ്റക്കാരനെന്ന് ചിത്രീകരിക്കാനാണ് ശ്രമമുണ്ടായത്. 9 സംസ്ഥാനങ്ങൾ തന്നെ ബന്ധപ്പെട്ടുവെന്ന് പറഞ്ഞ് നിക്ഷേപം മറ്റ് സംസ്ഥാനത്തിലേക്ക് കൊണ്ടുപോകുമെന്ന സൂചനയും അദ്ദേഹം നൽകി. 

വ്യവസായങ്ങളിൽ കേന്ദ്രീകൃതപരിശോധനസംവിധാനത്തിന് രൂപം നൽകാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചു. കിറ്റക്സിലെ പരിശോധന വിവാദമായതിനെ തുടർന്നാണ്  മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം പരിശോധന നിയമപരമായ നടത്തിയതെന്ന് വിലയിരുത്തി. 

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കിറ്റെക്സ് ജീവനക്കാർ പ്രതിഷേധ ജ്വാല തീർത്തു. വിവാദത്തിന് പിന്നാലെ ഒരോ വകുപ്പും പ്രത്യേകം പരിശോധനക്ക് പകരം പരിശോധനകൾക്ക് കേന്ദ്രീകൃതസംവിധാനത്തിന് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചു. പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കാൻ പ്രത്യേകസോഫ്റ്റ്വ്യർ രൂപീകരിക്കും.  റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു. 

click me!