
കൊച്ചി: കിറ്റക്സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പ്രതികരണത്തിൽ രൂക്ഷ മറുപടിയുമായി കിറ്റക്സ് എംഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ചു.
സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു. കിറ്റക്സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാർക്കും അറിയാം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ അന്ന് മുതൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ഒരുമിച്ച് ആക്രമിച്ചു.
തുടര്‍ച്ചയായി റെയ്ഡ് നടത്തി ഉപദ്രവിച്ചു
10000തിൽ ഏറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായ റെയ്ഡുകൾ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്‍റെ ഓഹരി മൂല്യം വർധിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി ജേക്കബിന്‍റെ ചില ലക്ഷ്യങ്ങൾ കൂടി മുൻ നിർത്തിയാണ്.ഒരു പാട് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അത്.
ആന്ധ്ര മോശമെന്നത് സ്ഥിരം ശൈലി
ആന്ധ്ര വളരെ മോശമാണെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. അത് അദ്ദേഹത്തിന്‍റെ സ്ഥിരം ശൈലിയാണ്. സ്വന്തം പോരായ്മയും കഴിവില്ലായ്മയും മറച്ചുവെയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കിറ്റക്സ് വളർന്നത് കേരളത്തിന്‍റെ മണ്ണിൽ ആണെന്നും അത് മറക്കരുതെന്നുമാണ് മന്ത്രി പറയുന്നത്. ഇതുകേട്ടാൽ തോന്നും കേരളം ചില ആളുകളുടെ സ്വത്താണെന്ന്.
കേരളം ആരുടെയും പിതൃസ്വത്തല്ല. കഴിഞ്ഞ 60 വർഷം മുൻപ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു.ഇവർക്കും 10 പേർക്ക് തൊഴിൽ കൊടുക്കാമായിരുന്നല്ലോ. അവർ ആളെ പറ്റിച്ച് ജീവിക്കുകയാണെന്നും സാബു വിമർശിച്ചു.സർക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങൾക്ക് നൽകിയിരുന്നില്ല.
കേരളത്തിൽ വരുന്ന വ്യവസായങ്ങളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കുന്നവരെയാന് ഞങ്ങൾ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്സ് സമൂഹത്തിൽ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവർക്ക് വർഷം അഞ്ച് ലക്ഷത്തിന് മുകളിൽ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്.
മനസമാധനം വേണമെങ്കിൽ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാൽ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയിൽ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ഥം.
അത്തരത്തിലുള്ള മനസമാധാനം വേണ്ട. കിറ്റക്സ് ഇവിടെ തുടര്‍ന്നുവെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്സ് ഇവിടെ തുടരുന്നതിന് ആരുടെയും ഔദാര്യം വേണ്ട. ഇന്ന് ഇത് ഇവിടെ പൂട്ടി കെട്ടി മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ ഒരു വർഷം 400 കോടി രൂപ ലാഭം കിട്ടും. അത് വേണ്ടെന്ന് തീരുമാനിച്ചത് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ ഓർത്താണ്. പതിനായിരത്തിലേറെ കുടുംബങ്ങൾ പട്ടിണിയിലാവും.
വിരട്ടാൻ നോക്കേണ്ട
ഈ കേരളം നന്നാവാൻ ഇവർ ഒരിക്കലും അനുവദിക്കില്ല. കള്ള കണക്കുകൾ ഉണ്ടാക്കി ഇവിടെ യുവാക്കളെ വഞ്ചിക്കുകയാണ്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്. മുതൽ മുടക്കിയവർക്ക് പേടിക്കാതെ ജീവിക്കണ്ടേ? കേരളത്തിന്‍റെ മണ്ണിൽ നിന്ന് ഉണ്ടാക്കിയെന്ന് പറഞ്ഞ് വിരട്ടാൻ നോക്കേണ്ട.
10000 രൂപ ശമ്പളം കൊടുക്കുന്ന തൊഴിലല്ല 50 ലക്ഷം കൊടുക്കുന്നവരാണ് വേണ്ടതെന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് സർക്കാർ ആണെന്നും സാബു വിമർശിച്ചു.മന്ത്രി പി.രാജീവിന്‍റെ മക്കൾ എവിടെ ആണ് പഠിച്ചത്, എത്ര രൂപയാണ് ചെലവിടുന്നത്, ഇപ്പോൾ എവിടെ പഠിക്കുന്നുവെന്ന് അന്വേഷിച്ചു നോക്കു.എംഎൽഎ ശ്രീനിജിന്‍റെ മക്കൾ 10 ലക്ഷം ചെലവിട്ടാണ് പഠിച്ചത്. എന്നിട്ടാണ് എന്നിട്ട് ആദർശം പറയുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.