
തിരുവനന്തപുരം: വ്യവസായികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം വേണമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ്. തുടര്‍ച്ചയായ സര്‍ക്കാര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറിയതിന് പിന്നാലെയാണ് പ്രതികരണം. ചര്‍ച്ചകളോ പ്രസ്താവനയോ മാത്രമല്ല വേണ്ടതെന്നും വ്യവസായ സൗഹൃദ നിയമങ്ങള്‍ കൊണ്ടുവരണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
വ്യവസായ മന്ത്രി നല്‍കുന്ന ഉറപ്പ് മാത്രം പോര. താഴെക്കിടയിലെ ഉദ്യോഗസ്ഥരും സഹകരിക്കണം. നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാടാണ് പരിശോധനകള്‍ക്ക് കാരണമെന്നും പിന്നില്‍ എംഎല്‍എ പിവി ശ്രീനിജനാണെന്നുമുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സാബു പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തിയതെന്നും തനിക്ക് സാബു തോമസുമായി ഒരു വൈരാഗ്യവുമില്ലെന്നും എംഎല്‍എ പറഞ്ഞു.
കിഴക്കമ്പലത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 തവണ വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയെന്നാണ് കിറ്റക്സിന്‍റെ പരാതി. പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. പക്ഷേ പരിശോധനകള്‍ പല ദിവസവും ആവര്‍ത്തിക്കുകയാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഇന്നലെ സാബു ജേക്കബ് വിശദീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam