
കണ്ണൂർ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം രാജിവച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ കെ എബ്രഹാം രാജി വച്ചത്. ജയിലിൽ നിന്നാണ് കെ പി സി സി പ്രസിഡണ്ടിന് രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അയച്ച കത്തിൽ കെ കെ എബ്രഹാം പറയുന്നത്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്.
വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കിയത്. കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡന്‍റുമായ കെ കെ എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.
അതിനിടെ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് സഹകരണവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തി ബാധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam