'വെള്ളാപ്പള്ളി ആകെ പരിഭ്രാന്തിയിൽ', മഹേശന്റെ മരണത്തിലെ പുനരന്വേഷണ ആവശ്യം ശക്തമാക്കി സുധീരൻ; മദ്യത്തിലും കരിമണലിലും സർക്കാരിന് വിമർശനം

Published : Jun 23, 2026, 12:05 PM IST
VM Sudheeran

Synopsis

കെ കെ മഹേശന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനെ പരിഭ്രാന്തനാക്കിയെന്നും, സത്യം പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണസംഘം വേണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. മദ്യനയത്തിലും കരിമണൽ ഖനന വിഷയത്തിലും സർക്കാരിന് വിമർശനം

എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത് വെള്ളാപ്പള്ളി നടേശനെ ആകെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങൾ കവല ചട്ടമ്പികളുടേതിന് സമാനമാണെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനാരായണഗുരുവും എസ് എൻ ഡി പി നേതൃത്വവും ഉയർത്തിപ്പിടിച്ച ഉദാത്തമായ ആശയങ്ങൾക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇപ്പോൾ പ്രവർത്തിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാൻ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മഹേശന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും മുൻപ് പിണറായി വിജയന് കത്ത് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് പിണറായിക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്നും കേസിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ നൽകിയ പരാതി ഇന്നലെ താൻ വീണ്ടും സർക്കാരിന് കൈമാറിയതായും സുധീരൻ വ്യക്തമാക്കി. ആലപ്പുഴയിൽ നിന്ന് കെട്ടുകെട്ടിച്ചതുകൊണ്ടാണ് വിരോധമെന്ന് വെള്ളാപ്പള്ളി പറയുന്നതിൽ യാതൊരു വാസ്തവവുമില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.

മദ്യ നയത്തിനും കരിമണൽ ഖനനത്തിലും വിമർശനം

സംസ്ഥാന ബജറ്റിലെ മദ്യനയത്തെയും കരിമണൽ ഖനനത്തെയും വി എം സുധീരൻ ശക്തമായി വിമർശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ബജറ്റിൽ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം സർക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിലെയും തീരദേശത്തെയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന കരിമണൽ ഖനന ഉത്തരവുകൾ പൂർണ്ണമായി റദ്ദാക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ എല്ലാ വിഭാഗങ്ങളുമായും യു ഡി എഫ് സർക്കാർ ചർച്ച നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ
'ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാൽ