
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. 2023 ൽ മുൻ സർക്കാരിന്‍റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്നും 3 വർഷം തങ്ങൾ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വന്ന ശേഷം അസാധാരണ നീക്കമാണ് ഇതിലുണ്ടായതെന്നും പിന്നിൽ അഴിമതിയാണെന്നുമാണ് ബാലഗോപാൽ പറഞ്ഞുവച്ചത്. 'ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു' എന്ന പ്രയോഗം ഉപയോഗിച്ച ബാലഗോപാൽ അഴിമതി മണക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. സഭയിൽ ചർച്ചചെയ്യാൻ അവസരം ഇല്ലാത്ത അവസ്ഥയാണുള്ളത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇന്ന് നടന്നത്. ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രസംഗം ഒഴിവാക്കിയാൽ അഴിമതി ആരോപണം ഇല്ലാതാകില്ല. ഇത് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നുവെന്നും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ബാലഗോപാൽ വിവരിച്ചു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ആരോപിച്ചത്. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പിണറായി, അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള സംഗതിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കർണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. 2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam