
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനുമെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവർത്തിക്കുമ്പോഴും പ്രാദേശിക പ്രശ്നങ്ങളിലേക്ക് അന്വേഷണം ഒതുക്കുകയാണ് പൊലീസ്. ആത്മഹത്യാപ്രേരണയ്ക്ക് നിലവിൽ തെളിവില്ലെന്നാണ് വിശദീകരണം. അതേസമയം, സംസ്ഥാനമൊട്ടാകെ വിശദീകരണ യോഗങ്ങൾ വിളിക്കാനൊരുങ്ങുകയാണ് എസ്എൻഡിപി നേതൃത്വം.
മഹേശന്‍റെ ആത്മഹത്യാകുറിപ്പിന് പുറമെ ഫോൺ കോളുകളും കത്തുകളും പൊലീസ് പരിശോധിച്ചു. യൂണിയൻ ഭാരവാഹികളുടെ മൊഴിയെടുത്തു. മൂന്ന് മണിക്കൂറിലധികം ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. എന്നാൽ കണിച്ചുകുളങ്ങര യൂണിയനിലെ പ്രശ്നങ്ങളും മൈക്രോഫിനാൻസ് കേസിലെ ചോദ്യം ചെയ്യലിലുണ്ടായ മനോവിഷമവും മാത്രമാണ് അന്വേഷണസംഘത്തിന് കാണാനായത്. ആരോപണവിധേയരുടെ മൊഴി പോലും എടുക്കാതെ മെല്ലെപ്പോക്കിലാണ് മാരാരിക്കുളം പൊലീസ്.
മഹേശന്‍റെ മരണം ഉയർത്തുന്ന വിവാദങ്ങളിൽ ആടിയുലയുകയാണ് എസ്എൻഡിപി നേതൃത്വം. യൂണിയനുകളിലും ശാഖാ യോഗങ്ങളിലും അമർഷം പുകയുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങളിൽ മറുപടി പറയും മുൻപ് കീഴ്ഘടകങ്ങളിൽ വരെ കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam