കൊവിഡ് പ്രതിരോധം രാഷ്ട്രീയവത്കരിച്ചു, കെ റെയിൽ ഇരകളെ സൃഷ്ടിക്കും; ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കെകെ രമ

Published : Jun 01, 2021, 02:25 PM IST
കൊവിഡ് പ്രതിരോധം രാഷ്ട്രീയവത്കരിച്ചു, കെ റെയിൽ ഇരകളെ സൃഷ്ടിക്കും; ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കെകെ രമ

Synopsis

കൊവിഡ് പ്രതിരോധ പ്രവർത്തനം സംസ്ഥാന സർക്കാർ രാഷ്ട്രീയവൽക്കരിച്ചുവെന്ന് രമ പറഞ്ഞു. സർക്കാരിന്റെ മദ്യവർജ്ജന നയം പരിഹാസ്യമാണെന്നും വിമർശനം

തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് ആർഎംപി എംഎൽഎ കെകെ രമ. ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും,സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ പുലർത്തുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്.അപ്പോൾ മാത്രമേ ഇത്തരം ഇടപെടലുകൾ ആത്മാർത്ഥവും അർത്ഥപൂർണവുമാകൂവെന്നും അവർ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ല.കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പൊതുസമൂഹവും പ്രതിപക്ഷവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ഞുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നു. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20000 ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണ്? കിഫ്ബി കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയ്യാറാകണം. ഈ നയപ്രഖ്യാപനം വഞ്ചനാപരമാണ്. 

കേരളത്തിലെ കൊവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണം. കണക്കുകൾ കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ അപ്രാപ്യമാക്കുന്നു. പഞ്ചായത്തുകളിലെ ഫണ്ടിന്റെ അഭാവമുണ്ട്. ലോക്ക്ഡൗൺ കിറ്റ് വിതരണവും വളണ്ടിയർ സേവനവും രാഷ്ട്രീയ വത്കരിക്കുന്നു. സർക്കാരിന്റെ മദ്യവർജ്ജന നയം പരിഹാസ്യമാണ്. സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്ന് പറഞ്ഞാണ് രമ പ്രസംഗം അവസാനിപ്പിച്ചത്.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി